അസോസിയേഷന്‍

യുക്മ പുതുവത്സരാഘോഷങ്ങള്‍ കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും

അതിജീവനത്തിന്റെ പ്രണവ മന്ത്രങ്ങളുമായി ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, പ്രതീക്ഷകളോടെ 2021 നെ എതിരേല്‍ക്കാന്‍ യുക്മ ഒരുങ്ങുകയാണ്. ഇന്ന്, ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജില്‍ പുതുവത്സരാഘോഷ പരിപാടികള്‍ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവര്‍ഷാഘോഷ വേദിയില്‍ പ്രഖ്യാപിക്കുന്നതാണ്.

കേരള ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുക്മ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് വ്യാപനം തടയാന്‍ കൃത്യമായ ആസൂത്രണ വൈഭവത്തോടെയുള്ള ടീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്‌ളാഘനീയം ആയിരുന്നു. 2020 ലെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പന്ത്രണ്ട് വനിതകളില്‍ ഒരാളായി ശൈലജ ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസ് മാഗസിന്‍ നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് തുടങ്ങിയ ലോകനേതാക്കള്‍ ഉള്‍പ്പെടുന്ന ആദ്യ പന്ത്രണ്ട് പേരില്‍ ഒരാളായി കേരളത്തിന്റെ ആരോഗ്യമന്ത്രി അംഗീകാരം നേടി എന്നത് ഓരോ മലയാളിക്കും അഭിമാനകരം തന്നെ ആണ്.

പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ ആയിരിക്കും യുക്മ പുതുവത്സര ആഘോഷ പരിപാടികളിലെ വിശിഷ്ടാതിഥി. 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന ഒരൊറ്റ നോവലിലൂടെ വായനക്കാരുടെ മനസില്‍ ഇടംനേടിയ പെരുമ്പടവം ശ്രീധരന്‍ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് ഉള്‍പ്പടെ ഒട്ടനവധി ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടിനിടെ 100 പതിപ്പുകളിലായി രണ്ടുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിച്ചാണ് 'ഒരു സങ്കീര്‍ത്തനം പോലെ' മലയാള നോവല്‍ ചരിത്രത്തില്‍ ഇടംനേടിയത്.

പ്രശസ്ത തമിഴ് മലയാള ചലച്ചിത്ര താരം ബാല കുമാര്‍ സെലിബ്രിറ്റി അതിഥിയായി എത്തി പുതുവത്സരാഘോഷ പരിപാടികള്‍ക്ക് ആവേശകരമായ ചാരുത പകരും. എറണാകുളം എം പി ഹൈബി ഈഡന്‍ ദേശീയ കലാമേളയുടെ ആദ്യ ഫല പ്രഖ്യാപനം നടത്തിക്കൊണ്ട് ആശംസകള്‍ അര്‍പ്പിക്കും.

കലാമേള വിജയികളെ പുതുവര്‍ഷാഘോഷ വേദിയില്‍ പ്രഖ്യാപിക്കുന്നതോടൊപ്പം, ഒന്നാം സ്ഥാനം നേടിയ മത്സര ഇനങ്ങള്‍ കൂടി സംപ്രേക്ഷണം ചെയ്യുന്നതായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, കലാമേളയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ലിറ്റി ജിജോ, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ എന്നിവര്‍ അറിയിച്ചു.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ആയിരുന്നു ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേള സംഘടിപ്പിച്ചത്. ഡിസംബര്‍ പന്ത്രണ്ടിന് എസ് പി ബാലസുബ്രഹ്മണ്യം വെര്‍ച്വല്‍ നഗറില്‍ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങള്‍ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

യുക്മ കേരളപ്പിറവി ആഘോഷങ്ങളുടേയും യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള ഉദ്ഘാടന പരിപാടിയുടേയുമെല്ലാം അവതാരകയായി തിളങ്ങിയ ദീപാ നായര്‍ തന്നെ ആയിരിക്കും പുതുവത്സരാഘോഷങ്ങളുടെയും അവതാരക. സൂര്യ ടി വി യിലൂടെ അവതാരകയായി ശ്രദ്ധേയയായ യു കെ യിലെ അറിയപ്പെടുന്ന നര്‍ത്തകിയും അവതാരകയുമായ ദീപ യുക്മയുടെ കലാഭൂഷണം അവാര്‍ഡ് ജേതാവ് കൂടിയാണ്.

യുക്മ പുതുവത്സര ആഘോഷത്തിലേക്കും, യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ ഫലപ്രഖ്യാപനത്തിലേക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് സ്വാഗതം ചെയ്തു.

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions