അസോസിയേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് സമാപനം; റീജിയണല്‍ ചാമ്പ്യന്‍ഷിപ്പ് ഈസ്റ്റ് ആംഗ്ലിയക്ക് , ലൂട്ടന്‍ കേരളൈറ്റ്‌സ് ചാമ്പ്യന്‍ അസോസിയേഷന്‍


കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുക്മയുടെ പുതുവര്‍ഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ മലയാള സംസ്‌കാരത്തിനും കലകള്‍ക്കും പ്രവാസ നാട്ടില്‍ നല്‍കിവരുന്ന പ്രോത്സാഹനം ശ്‌ളാഘനീയമാണെന്ന് ശൈലജ ടീച്ചര്‍ അനുസ്മരിച്ചു.

മാറുന്ന കാലത്തിന്റെ വേറിട്ട ചിന്തകളെയും ജീവിത രീതികളെയും കുറിച്ചും കോവിഡ് ഉയര്‍ത്തിയ സാമൂഹ്യ വെല്ലുവിളികളെ സംസ്ഥനം നേരിട്ട രീതികളെ കുറിച്ചും ടീച്ചര്‍ നടത്തിയ പ്രൗഢമായ ഉദ്ഘാടന പ്രസംഗം നൂറുകണക്കിന് അനുമോദന കമന്റുകളിലൂടെയാണ് UUKMA ഫേസ്ബുക്ക് പേജിലൂടെ ലൈവില്‍ എത്തിയ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്.

ചടങ്ങില്‍ വിശിഷ്ടാടാതിഥി ആയി എത്തിയ പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ പെരുമ്പടവം ശ്രീധരന്‍ മലയാണ്മയുടെ സൗരഭ്യമാര്‍ന്ന ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സെലിബ്രിറ്റി അതിഥിയായി എത്തിയ പ്രശസ്ത തമിഴ് മലയാള ചലച്ചിത്ര താരം ബാല കുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഹൃദ്യവും പ്രചോദനാത്മകവുമായ സന്ദേശം നല്‍കിയത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി. എറണാകുളം എം പി ഹൈബി ഈഡന്‍ ആശംസകളുമായി കടന്നുവന്നു കലാമേള രാവിന്റെ ആവേശം ഇരട്ടിപ്പിച്ചു.

യുക്മയുടെ ശക്തരായ ഈസ്റ്റ് ആംഗ്ലിയ റീജിയനാണ് പതിനൊന്നാമത് ദേശീയ കലാമേളയുടെ ചാമ്പ്യന്മാര്‍. മേളയിലെ കറുത്ത കുതിരകളായ യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയനെ പിന്തള്ളിയാണ് ഈസ്റ്റ് ആംഗ്ലിയ ചരിത്ര നേട്ടം കുറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സൗത്ത് ഈസ്റ്റ് റീജിയണിലെ വില്‍ഷെയര്‍ മലയാളി അസോസിയേഷനെ ഒരേ ഒരു പോയിന്റിന് പിന്നിലാക്കി ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍ അസോസിയേഷന്‍ കിരീടം ചൂടി.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിജയഗാഥയൊരുക്കിയ ഒരു കുടുംബമാണ് കലാതിലകം കലാപ്രതിഭ പട്ടങ്ങളിലൂടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്. ലൂട്ടന്‍ നിവാസികളായ, ഐ ടി രംഗത്ത് ജോലിചെയ്യുന്ന അലോഷ്യസ് ജിജി ദമ്പതികളുടെ മക്കളാണ് യുക്മ കലാമേളകളുടെ ചരിത്രത്തില്‍ സ്ഥാനം നേടിയിരിക്കുന്നത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ആനി അലോഷ്യസ് കലാതിലകപട്ടവും, സഹോദരന്‍ ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.

നൃത്ത മത്സരങ്ങളിലെ പ്രത്യേക പ്രാവീണ്യത്തിനുള്ള നാട്യമയൂരം അവാര്‍ഡ് ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ മരിയ രാജു കരസ്ഥമാക്കി. മലയാള ഭാഷാ പ്രോത്സാഹനത്തിന്റെ ഭാഗമായി നല്‍കിവരുന്ന ഭാഷാകേസരി അവാര്‍ഡ് കാര്‍ഡിഫ് മലയാളി അസോസിയേഷനിലെ കെവിന്‍ ടൈറ്റസ് നേടി.

ഓരോ വിഭാഗങ്ങളിലും വ്യക്തിഗത ചാമ്പ്യന്മാര്‍ക്കുള്ള തെരഞ്ഞെടുപ്പും ഏറെ വാശിയേറിയതായിരുന്നു. വില്‍ഷെയര്‍ മലയാളി അസോസിയേഷനിലെ ജാന്‍വി ജയേഷ് നായര്‍ (കിഡ്‌സ്), ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ മരിയ രാജു (സബ്ജൂനിയേര്‍സ്), ലൂട്ടന്‍ കേരളൈറ്റ്‌സ് അസ്സോസിയേഷനില്‍നിന്നുള്ള ടോണി അലോഷ്യസ് (ജൂനിയേര്‍സ്), ആനി അലോഷ്യസ് (സീനിയേഴ്‌സ്) എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാര്‍.
യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള അധ്യക്ഷനായിരുന്നു. എട്ട് മണിക്കൂറിലധികം നീണ്ട് നിന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളും സ്‌പോണ്‍സര്‍മാരും യുക്മ നേതാക്കളുമായി അറുപതോളം പേരാണ് ആകെ ലൈവില്‍ സംസാരിക്കുന്നതിനും ഫലപ്രഖ്യാപനം നടത്തുന്നതിനുമായി എത്തിയത്. യുക്മ രൂപീകൃതമായ കാലം മുതല്‍ നാളിതുവരെ വളര്‍ച്ചയുടെ വഴിത്താരയില്‍ നേതൃത്വം വഹിച്ചവരും സഹയാത്രികരും, ഇന്നും സഹകരിച്ചു പോരുന്നവരുമായ നാല്‍പ്പതോളം വ്യക്തികള്‍ ആയിരുന്നു ഓരോ മത്സര ഇനങ്ങളുടെയും ഫലപ്രഖ്യാപനം നടത്തിയത് എന്നത് വളരെ കൗതുകകരമായിരുന്നു. ഓരോ വ്യക്തിക്കും യുക്മയുമായുള്ള ബന്ധം എടുത്തുപറഞ്ഞുകൊണ്ട് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ ലൈവ് സ്ട്രീമിലേക്ക് ക്ഷണിച്ചപ്പോള്‍, അതാത് വ്യക്തികള്‍ക്കും ഒപ്പം സംഘടനക്കും അഭിമാന നിമിഷങ്ങളായി മാറി. മുന്‍ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ആദ്യ ഫലപ്രഖ്യാപനം നടത്തുകയും കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. ഓരോ ഇനങ്ങളിലെയും ഫലപ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഒന്നാം സ്ഥാനം നേടിയ പ്രകടനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുകൂടി ചെയ്തപ്പോള്‍, യഥാര്‍ഥ ദേശീയ കലാമേളയുടെ വേദി പുനര്‍ ജനിക്കുന്ന പ്രതീതിയിലായി പ്രേക്ഷകര്‍. യു കെ മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയും നര്‍ത്തകിയുമായ ദീപാ നായര്‍ ആയിരുന്നു ഉദ്ഘാടന സമാപന ചടങ്ങുകള്‍ മികവോടെ ഏകോപിപ്പിച്ചത്. യുക്മ കലാമേളയുടെ സ്‌പോപോണ്‍സര്‍മാര്‍ കൂടിയ അലൈഡ് ഫിനാന്‍സ് & മോര്‍ട്‌ഗേജ് സര്‍വ്വീസിന്റെ ബിജോ ടോം, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സിന്റെ പോള്‍ ജോണ്‍ എന്നിവര്‍ കലാമേളയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഡിസംബര്‍ പന്ത്രണ്ടിന് എസ് പി ബാലസുബ്രഹ്മണ്യം വെര്‍ച്വല്‍ നഗറില്‍ സുപ്രസിദ്ധ ചെണ്ടമേളം വിദ്വാന്‍ പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്ത ദേശീയ കലാമേള യുക്മ ഫെയ്‌സ് ബുക്ക് പേജിലൂടെ എട്ട് ദിവസങ്ങള്‍ നീണ്ട സംപ്രേക്ഷണത്തിലൂടെയാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. അഞ്ഞൂറോളം മത്സരാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു.

യുക്മയുടെ സഹയാത്രികന്‍ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാമൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യ ആയിരുന്നു കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions