വാട്ട്‌സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നു. സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം കീഴടക്കുന്ന വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ അസാധാരണമായ തരത്തില്‍ പല അവസരങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ അപകട സാധ്യതകളും ഇവ സൃഷ്ടിക്കുന്നുണ്ട്. സൈബര്‍ സ്‌പേസ്, മൊബൈല്‍ ടെക്‌നോളജീസ് എന്നിവയുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനും അവസരങ്ങളെ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും മുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഒരു വിഷയം എന്ന നിലയിലാണ് യുക്മ ഈ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 23 ശനിയാഴ്ച യു.കെ സമയം വൈകിട്ട് 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) ആണ് പരിപാടി.
ലോകമറിയുന്ന മലയാളി നയതന്ത്രജ്ഞനായിരുന്ന വേണു രാജാമണി ഐ.എഫ്.എസാണ് 'ഡിജിറ്റല്‍ ലോകത്ത് ലളിതമായി ആത്മവിശ്വാസം പകരുന്നു' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
പരിപാടിയില്‍ മുഖ്യപ്രഭാഷകനായി ക്ലാസ്സുകള്‍ നയിക്കുവാനെത്തുന്നത് 'സംഗം' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന്‍ മാണിക്യം അയ്യരാണ്.
ബാംഗ്‌ളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധയായ അപര്‍ണ വിശ്വനാഥന്‍ സംരംഭക, മാധ്യമ പ്രവര്‍ത്തക, മോട്ടിവേഷണല്‍ സ്പീക്കര്‍, മെന്റര്‍, കണ്‍സള്‍ട്ടന്റ് ട്രെയിനര്‍ എന്നീ നിലകളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ്.
ഇംഗ്ലണ്ടിലെ സ്വിന്‍ഡന്‍ ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്‌മോള്‍ നിധീരി എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ, കലാകായിക, സംഘാടക രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.
യുക്മ സംഘടിപ്പിച്ച വിവിധ വെര്‍ച്വല്‍ പരിപാടിടെ അവതാരകയായി തിളങ്ങിയ ദീപാ നായര്‍ തന്നെയാണ് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് യുക്മ ഒരുക്കുന്നപരിപാടികളുടേയും അവതാരക.
യുക്മ ഫേസ്ബുക്ക് പേജിലൂടെയാവും യു.കെ സമയം 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) മുതല്‍ ലൈവ് പ്രോഗ്രാം നടത്തപ്പെടുന്നത്. കാലിക പ്രസക്തമായ ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Privacy and Reputation
Indicators of Malware & Hacking
Cyber Crime & Mobile
Social Networking Saftey
Securing Home Network
Passwords & Email Securtiy
Ransomware & Consumer Scams
Cyber Bullying
എന്നീ വിഷയങ്ങളാവും സംവാദത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ലൈവ് പ്രോഗ്രാമിനിടെ അത് ചോദിക്കുന്നതിനായുള്ള അവസരമുണ്ടായിരിക്കും. അതിനായി യുക്മ ജനറല്‍ സെക്രട്ടറിയുടെ secretary.ukma@gmail.com ഇമെയിലിലോ 07985641921 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.