കോട്ടയം: വോക്കിങ് കാരുണ്യയുടെ ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനമായി ഒരു ലക്ഷം രൂപ ഭിന്ന ശേഷിക്കാരനായ സജിക്ക് പി സി ജോര്‍ജ് M L A കൈമാറി. തദവസരത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ടോണിയും സന്നിഹിതനായിരുന്നു. സജി ചികിത്സയുടെ ഭാഗമായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നതിനാല്‍ പി സി ജോര്‍ജ് ഹോസ്പിറ്റലില്‍ പോയി ചെക്ക് കൈമാറുകയായിരുന്നു.
മണിമല പഞ്ചായത്തില്‍ കരിക്കാട്ടൂര്‍ താമസിക്കുന്ന സജി ഇന്ന് അസുഖങ്ങളുടെ നടുവിലാണ്. ജന്മനാ ഭിന്നശേഷിക്കാരനയാ സജി കൂലിവേല ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. വളരെ നാളുകളായി സജി പ്രമേഘത്തിനു ചികിത്സകളിലായിരുന്നു. കോട്ടയം മാതാ ഹോസ്പിറ്റല്‍ കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. പല ഹോസ്പിറ്റലുകളില്‍ ചികിത്സകള്‍ നടത്തിയെങ്കിലും സജിയുടെ അസുഖങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയായിരുന്നു. അതിനെ തുടര്‍ന്നാണ് സജി വിദ്ഗദ ചികിത്സയ്ക്കായി അമൃതാ ഹോസ്പിറ്റലിലേക്ക് മാറ്റപ്പെടുന്നത്. ഹോസ്പിറ്റലിലെ തുടര്‍ന്നുള്ള പരിശോധനകളില്‍ ആണ് അറിയാന്‍ കഴിഞ്ഞത് സജിയുടെ ആമാശയത്തിന് ഒരുഭാഗം തളര്‍ന്നു ദഹനശേഷി നഷ്ടപ്പെട്ടുപോയി എന്നത്. അതിനോടൊപ്പം തന്നെ കരളിനും പാന്‍ക്രിയാസിനും കിഡ്‌നിക്കും ശേഷിക്കുറവ് സംഭവിച്ചു എന്ന് അറിയാന്‍ കഴിഞ്ഞത്.
ആകെയുള്ള പത്തുസെന്റ് സ്ഥലവും ഒറ്റമുറിവീടും പണയം വച്ചാണ് ഇതുവരെയുള്ള ചികിത്സകള്‍ മുന്‍പോട്ടു കൊണ്ടുപോയത്. സജിക്ക് ഒരുമാസം പതിനായിരത്തോളം രൂപ ചികിത്സകള്‍ക്കു മാത്രമായി ചിലവാകുന്നുണ്ട്. ഇത്രയും കാലത്തെ ചികിത്സകളും കുടുംബ ചിലവുകളും സജിയെ വലിയ ഒരു കടക്കെണിയില്‍ എത്തിച്ചിരിക്കുകയാണ്. നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് സജിയും കുടുംബവും ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഞങ്ങളുടെ പ്രതിനിധി സജിയുടെ വിവരങ്ങള്‍ തിരക്കുവാന്‍ ചെന്നപ്പോള്‍ സജി കിഡ്‌നി ഇന്‍ഫെക്ഷന്‍ ബാധിച്ചു ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നു. ഈ അവസരത്തില്‍ ചികിത്സകള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുകയാണ് സജിയും കുടുംബവും. തകര്‍ന്നിരുന്നു ഈ കുടുംബത്തെ സഹായിക്കുവാന്‍ സന്മനസുകാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യ നന്ദി അറിയിച്ചു.