അസോസിയേഷന്‍

കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കണം, മലയാളി യാത്രികര്‍ക്ക് നേരേ പകല്‍ക്കൊള്ള- നിവേദനങ്ങളുമായി യുക്മ

വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍.

രാജ്യത്തിലെ ഇതര അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടിവരുന്ന മലയാളി യാത്രികര്‍ പച്ചയായി ചൂഷണം ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, യു.കെ യില്‍നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചുകൊണ്ട്, യാത്രക്കാര്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്കും മനുഷ്യത്വ രഹിതമായ പകല്‍കൊള്ളകള്‍ക്കും പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട അടിയന്തിര നിവേദനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്ക് യുക്മ നല്‍കിക്കഴിഞ്ഞു. തുടക്കത്തില്‍ വന്ദേഭാരത് മിഷന്‍ വിമാന സര്‍വ്വീസുകള്‍ കൊച്ചിയിലേക്കും നേരിട്ടുള്ള സര്‍വ്വീസുകള്‍ നടത്തിയിരുന്നു. എയര്‍ ഇന്ത്യക്ക് തികച്ചും ലാഭകരം ആയിരുന്ന പ്രസ്തുത സര്‍വ്വീസുകള്‍ പൊടുന്നവെ നിറുത്തിയതില്‍ ഇതര സംസ്ഥാന ലോബികള്‍ക്കുള്ള പങ്കും തള്ളിക്കളയാനാവില്ല.

യു.കെയില്‍നിന്നും ഡല്‍ഹി വിമാനത്താവളത്തിലോ, മറ്റ് ഏതെങ്കിലും ഇന്ത്യന്‍ അന്താരാഷ്ട്ര ടെര്‍മിനലുകളിലോ എത്തുന്ന യാത്രികരില്‍ ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റിവ് ആണെന്ന്, എത്തിച്ചേര്‍ന്ന് കഴിഞ്ഞുള്ള പരിശോധനയില്‍ തെളിഞ്ഞാല്‍, സഹയാത്രികരും ക്വാറന്റീന്‍ ചെയ്യേണ്ടി വരുന്നത്, അപ്രതീക്ഷിതമായി യാത്രികര്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഏറെ വലുതാണ്. കോവിഡ് ഉണ്ടെന്ന് സ്ഥിതീകരിക്കപ്പെട്ട യാത്രക്കാരന്റെ മൂന്ന് നിര മുന്നോട്ടും മൂന്ന് നിര പിന്നോട്ടും യാത്ര ചെയ്യുന്ന സഹ യാത്രക്കാരാണ് ഈ വിധം ക്വാറന്റീനില്‍ പോകേണ്ടി വരുന്നത്. അപ്രതീക്ഷിതമായി രണ്ടാഴ്ചകള്‍ അധികമായി നഷ്ട്ടപ്പെടുന്നതിനൊപ്പം കുറഞ്ഞത് അരലക്ഷം രൂപയോളമാണ് ഇതിനായി മാത്രം ഒരു പ്രവാസിയും നല്‍കേണ്ടി വരുന്നത്.

ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടുത്തെ എയര്‍പോര്‍ട്ടില്‍, അരമണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ കഴിയുന്ന കോവിഡ് പരിശോധന നടത്തിയാല്‍ മാത്രം യാത്ര ചെയ്യുവാന്‍ അനുമതി നല്‍കുന്ന രീതിയിലൂടെ നിലവിലുള്ള അശാസ്ത്രീയമായ നടപടികളെ മറികടക്കാവുന്നതാണെന്ന് യുക്മ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാമുപരി, കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുകവഴി ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി അഭ്യര്‍ത്ഥിക്കുന്നു.

ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കൊപ്പം, തിരുവനന്തപുരത്തിനും കോഴിക്കോടിനും കൂടി സര്‍വീസുകള്‍ ആരംഭിക്കുന്നകാര്യം സജീവമായി പരിഗണിക്കപ്പെടേണ്ടുന്ന ഒന്നാണ്. മെയ് 19 ന് ആയിരുന്നു വന്ദേഭാരത് മിഷന്റെ ആദ്യ വിമാനം ലണ്ടനില്‍നിന്നും കൊച്ചിയിലേക്ക് പറന്നത്. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്റെ പത്രസമ്മേളനത്തില്‍ അന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ മാറ്റുവാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുമെന്ന സാഹചര്യമാണ് യു.കെയില്‍ നിലവിലുള്ളത്. നിയന്ത്രിതമായ യാത്രാ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍, ഹീത്രോ വിമാനത്താവളത്തില്‍നിന്നും യു.കെയുടെ വടക്കന്‍ മേഖലകളിലേക്ക് എത്തിച്ചേരുവാന്‍ ടാക്‌സി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍, കേരളത്തില്‍നിന്നും ലണ്ടനിലേക്കെന്നപോലെ, രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും മാഞ്ചസ്റ്ററിലേക്കും, ബര്‍മിംഗ്ഹാമിലേക്കും കൂടി വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യ നിവേദനത്തില്‍ തന്നെ യുക്മ കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മുതലെടുത്തുകൊണ്ട് മലയാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാന്‍ ബഹുജന പങ്കാളിത്തത്തോടെ കൂടുതല്‍ പ്രതിഷേധ പരിപാടികളുമായി യുക്മ മുന്നിട്ടിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions