അസോസിയേഷന്‍

യുക്മ കലാതിലകം ആനി അലോഷ്യസ് ആലപിച്ച മരിയന്‍ ഗാനം 'മാതൃദീപം' മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്യും

ലണ്ടന്‍ : ലോകം മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ ദുരിതങ്ങളിലൂടെ ജനങ്ങള്‍ ഇപ്പോള്‍ കടന്നു പോകുമ്പോള്‍ പരിശുദ്ധ ദൈവ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ടുള്ള 'മാതൃദീപം' ആല്‍ബത്തിലെ 'നീ തുണയേകണമേ.. ലോക മാതേ'.....എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ മരിയന്‍ പ്രാര്‍ത്ഥനാഗാനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് പ്രകാശനം ചെയ്യും. യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാര്‍ പിള്ള, യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയുമായ സി എ ജോസഫ്, കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റും സേവനം യുകെ മുന്‍ ചെയര്‍മാനുമായ ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ ആശംസകള്‍ നേരും. ഗായിക ആനി അലോഷ്യസിന്റെ പിതാവും ആല്‍ബത്തിന്റെ ഗാനരചയിതാവുമായ അലോഷ്യസ് ഗബ്രിയേല്‍ കൃതജ്ഞത പ്രകാശിപ്പിക്കും . യുകെയിലെ അറിയപ്പെടുന്ന കലാകാരി ദീപാ നായര്‍ അവതാരകയായി എത്തി ചടങ്ങിന് മികവേകും.

യുക്മ കലാതിലകം ആനി അലോഷ്യസ് ആലപിച്ച 'മാതൃ ദീപം' എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാതൃ ഭക്തിയുടെ നിറവില്‍ അതീവമായ മനോഹാരിതയില്‍ ഭക്തി സാന്ദ്രമായ ദൃശ്യാവിഷ്‌കരണം നല്‍കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ദേശീയ കലാമേളയില്‍ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ട യുകെയിലെ അറിയപ്പെടുന്ന ഗായികയായ ആനി അലോഷ്യസാണ് പ്രാര്‍ത്ഥനാനിര്‍ഭരമായ ഈ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത്. ആനിയുടെ പിതാവ് അലോഷ്യസ് ഗബ്രിയേല്‍ ആണ് ഈ ആല്‍ബത്തിലെ ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹരീഷ് പാലയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷന്‍ ലിജോ ലീനോസ്. ക്യാമറ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജെയ്‌സണ്‍ ലോറന്‍സും തോമസ് കളപ്പുരയിലും ചേര്‍ന്നാണ്.

കത്തോലിക്കാ വിശ്വാസികള്‍ ദൈവമാതാവിനോടുള്ള വണക്കമാസം ആയിട്ട് ഭക്തിപൂര്‍വം ആചരിക്കുന്ന മെയ് മാസത്തിന്റെ ആദ്യ സുദിനത്തില്‍ തന്നെ 'മാതൃ ദീപം' എന്ന പേരില്‍ പരിശുദ്ധ ദൈവമാതാവിനോടുള്ള ഈ പ്രാര്‍ത്ഥനാഗീതം പ്രകാശനം ചെയ്യുവാനും ഈ ഒരു ഗാനം ആലപിക്കുവാനും സാധിച്ചത് ദൈവാനുഗ്രഹമായി കരുതുകയാണെന്ന് ഗായികയായ ആനി അലോഷ്യസ് പറഞ്ഞു.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലോത്സവത്തില്‍ രണ്ടു തവണ കലാതിലകവുമായി തിരഞ്ഞെടുത്തിട്ടുള്ള ആനി അലോഷ്യസ് കര്‍ണാട്ടിക് മ്യൂസിക്കും , വെസ്റ്റേണ്‍ മ്യൂസിക്കും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ആനിയുടെ സഹോദരന്‍ ടോണി അലോഷ്യസ് തുടര്‍ച്ചയായി രണ്ടു തവണ യുക്മ കലാപ്രതിഭയായി തിരഞ്ഞെടുത്തിട്ടുള്ള വളര്‍ന്നുവരുന്ന യുകെയിലെ മികച്ച യുവ കലാ പ്രതിഭയുമാണ്. പിതാവ് അലോഷ്യസ്, മാതാവ് ജിജി, സഹോദരന്‍ ടോണി എന്നിവരോടൊപ്പം ലണ്ടനിലെ ലൂട്ടനില്‍ താമസിക്കുന്ന ആനി അലോഷ്യസ് അയില്‍സ്ബറി ഗ്രാമര്‍ സ്‌കൂളിലെ എ ലെവല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്.

കഴിഞ്ഞവര്‍ഷം യുകെ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ കൊറോണ മഹാമാരിയുടെ ഫലമായി അതിജീവനത്തിന്റെ പാതയിലൂടെ കടന്നു പോയ സമയത്ത് രോഗബാധിതരായവര്‍ക്ക് വേണ്ടിസ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി ലോകം മുഴുവനിലുമുള്ള ആരോഗ്യ മേഖലകളില്‍ ജോലിചെയ്തിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദി തുടര്‍ച്ചയായി നാലു മാസം സംഘടിപ്പിച്ച 'Let's Break It Together' എന്ന ലൈവ് ടാലന്റ് ഷോയിലും ആനി അലോഷ്യസും സഹോദരന്‍ ടോണി അലോഷ്യസും പങ്കെടുത്ത് മികവാര്‍ന്ന കലാപരിപാടി നടത്തി ലോക മലയാളികളായ സംഗീതസ്വാദകരുടെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. വ്യത്യസ്തമായ സംഗീത ഉപകരണങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള കുട്ടികളായ കലാപ്രതിഭകളെ ഉള്‍പ്പെടുത്തി നടത്തിയ ലൈവ് ടാലന്റ് ഷോയില്‍ ആനി അലോഷ്യസും സഹോദരന്‍ ടോണി അലോഷ്യസും ചേര്‍ന്ന് വിവിധ സംഗീത ഉപകരണങ്ങളില്‍ നാദവിസ്മയം തീര്‍ത്തു നടത്തിയ കലാവിരുന്ന് വീക്ഷിക്കുവാന്‍ പതിനായിരക്കണക്കിന് സംഗീതാസ്വാദകരാണ് എത്തിയത്.

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ സ്ട്രീംയാര്‍ഡിലൂടെ നടത്തുന്ന 'മാതൃദീപം' ആല്‍ബം പ്രകാശനച്ചടങ്ങ് താഴെ കൊടുത്തിരിക്കുന്ന യുക്മയുടെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജായ 'യുക്മ(UUKMA)' ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions