ഒരു കുട്ടിയുടെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്ന കാലഘട്ടമാണ് വിദ്യാഭ്യാസകാലഘട്ടം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇത്തരത്തിലുള്ള കഴിവുകള്‍ മറച്ചുവെക്കപ്പെട്ട്, ഒതുങ്ങി കൂടുവാന്‍ കുട്ടികളെ പ്രേരിപ്പിക്കുമ്പോള്‍, അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്ന വേദിയാണ് മണിയംകുന്ന് സെന്റ് ജോസഫ്സ് യുപി സ്കൂള്‍ ഒരുക്കുന്ന ഗൃഹ സദസ് ആയ വീട്ടരങ്ങ്.
നവമാധ്യമങ്ങളിലൂടെ വിവിധ തരത്തിലുള്ള പ്രോഗ്രാമുകള്‍ വീക്ഷിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിവിധതരത്തിലുള്ള കഴിവുകള്‍ അവതരിപ്പിക്കാന്‍ ഗൃഹ സദസുകള്‍ വേദിയാകുന്നു. അഭിനയം, സംഗീതം, അനുകരണം, നൃത്തം, ചിത്രകല, പ്രസംഗം തുടങ്ങിയ കുട്ടിയുടെ നാനാവിധത്തിലുള്ള കഴിവുകള്‍ കുടുംബ സദസിലൂടെ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ സഹപാഠികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തുന്നു. കുട്ടികളുടെ പ്രകടനം ഏറ്റവും മികച്ചതാക്കാനുള്ള പരിശീലനം നല്കാനും കുറവുകള്‍ തിരുത്താനും കുടുംബാംഗങ്ങള്‍ അവരോടൊപ്പം എപ്പോഴും ഉണ്ട്. ഇത് കുട്ടികളെ മത്സര മനോഭാവങ്ങളും, സമ്മര്‍ദ്ദങ്ങളുമില്ലാതെ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു.
കുട്ടികള്‍ തന്നെ സംഘടിപ്പിക്കുന്ന, അവര്‍ തന്നെ അവതാരകരാകുന്ന പ്രോഗ്രാം കുട്ടികളുടെ നാനാവിധ കഴിവുകളെ പരിപോഷിപ്പിക്കുന്നു. ഓരോ കുട്ടിക്കും കുടുംബത്തിനും പിന്തുണയുമായി അധ്യാപകരുമുണ്ട്. ഇത് കുട്ടികളും, അധ്യാപകരും കുടുംബങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നു.
എല്ലാ മാസവസാനവും ഓണ്‍ലൈന്‍ ആയാണ് പ്രോഗ്രാം. ആദ്യ വീട്ടരങ്ങിനു മണികണ്ഠന്‍ തോന്നക്കല്‍ നേതൃത്വം നല്‍കി. സ്കൂള്‍ മാനേജര്‍ ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ ഹെഡ്‌മിസ്ട്രസ് സി. സൗമ്യ പിടിഎ പ്രസിഡന്റ് ജോയ് ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോര്‍ഡിനേറ്റര്‍മാര്‍ അദ്ധ്യാപകരായ ജൂബി,സ്മിത എന്നിവരാണ്.