ഓണപാട്ടിന്‍ താളത്തില്‍ എല്ലാം മറന്ന് സമ്പല്‍ സമ്യദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങള്‍ മലയാളി മനസുകളിലേക്ക് കൊണ്ടുവന്നിരുന്ന നന്മയുടെ ആഘോഷം ഓണം. പൊന്നിന്‍ ചിങ്ങ പുലരിയിലെ അരുണകിരണങ്ങള്‍ക്കൊപ്പം മതി മറന്ന് ഉത്സവമേളം തീര്‍ത്തു മാഞ്ചസ്റ്ററ്റില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍. സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങള്‍ കൂടി അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ 'ആര്‍പ്പോ ഈറോ' ഒരു ആഘോഷമായി മാറി.
മാഞ്ചസ്റ്റര്‍ കോവിഡിനെ തോല്‍പിച്ചതിന് ശേഷമുള്ള ആദ്യ ഒത്തുകൂടലായിരുന്നു ' ആര്‍പ്പോ ഈറോ 2021'
മാഞ്ചസ്റ്ററിലെ മലയാളി തനിമയുടെ പുതുനാമ്പുകളായ സാല്‍ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, ചെസ്റ്റര്‍ എന്നീ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം accommodation രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സ്ഥാപനമായ പാലാ പ്രോപ്പെര്‍ട്ടീസ് യുകെ (Pala Properties UK ) യുടെ പിന്തുണയും കൂടി ആയപ്പോള്‍ ഈ കഴിഞ്ഞ കാലഘട്ടത്തിലൊന്നും മലയാളി കൂട്ടായ്മ കാണാത്ത ഒരു ചരിത്ര മുഹൂര്‍ത്തമായി ഈ ഓണാഘോഷം.
രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങില്‍ മഹാബലി തമ്പുരാന്റെ വേഷം അണിഞ്ഞ് സോണി കാവുങ്കന്‍ എത്തിയതോടെ കുട്ടിപട്ടാളങ്ങള്‍ക്കും ആവേശമായി മാറി. ഡി ആര്‍ട്ടിസ്റ്റ് നന്ദുവിന്റെ നേതൃത്വത്തില്‍ വര്‍ണശബളമായി പൂക്കളം ഒരുങ്ങി. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് ചാരുതയേകാന്‍ സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പെണ്‍കുട്ടികളുടെ തിരുവാതിരയും തുടര്‍ന്ന് ബോളിവുഡ് നൃത്തച്ചുവടുകളുമായി സിയാനും സിഡ്രയും എത്തിയപ്പോള്‍ വേദി ആവേശഭരിതമായി. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ആരവങ്ങളോടെ നടത്തിയ വടംവലി മത്സരത്തില്‍ തിളക്കുന്ന ചോര ഞരമ്പുകളില്‍ അഗ്‌നി പടര്‍ത്തി കൊണ്ട് സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ചുണക്കുട്ടികളോട് കട്ടക്ക് നിന്ന് രണ്ടാം സ്ഥാനത്തേക്ക് മാറിയത് ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയുടെ കരുത്തന്മാരായിരുന്നു.
ഒരു ദിവസം മുഴുവന്‍ മാറി നിന്ന് മഴയും പക്വത കാട്ടി. തുടര്‍ന്ന് കസേരകളി , ലെമണ്‍ സ്പൂണ്‍ റേയ്‌സ് ,സൂചിയും നൂലും കോര്‍ക്കല്‍, ഓണക്വിസ് തുടങ്ങിയ മത്സരങ്ങളും വാശിയൊട്ടും കുറയാതെ നടന്നു. എല്ലാ മത്സരങ്ങള്‍ക്കും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് എഡ്വിന്‍സ് സഹോദങ്ങളായ അമലും അനൂപും ആയിരുന്നു.
സംഗീതത്തിന്റെ താളത്തിനൊപ്പം മാഞ്ചസ്റ്റര്‍ മെലഡീസുമായി മാഞ്ചസ്റ്ററിന്റെ അനുഗ്രഹീത ഗായകന്‍ ബെന്നി നിറഞ്ഞു നിന്നു. തുല്യത പെടുത്താനാവാത്ത ഈ ഉത്സവമേളം പഴയകാല മഹാരാജാസ് കോളേജ് കാലഘട്ടത്തിലേക്ക് മനസിനെ കൂട്ടികൊണ്ട് പോയെന്ന് ആദ്യകാല മാഞ്ചസ്റ്റര്‍ മലയാളിയായ റോബിന്‍ പ്രതികരിച്ചു.