ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 രേഖപ്പെടുത്തിയതിന്റെ രണ്ടാം വാര്‍ഷികം 'യുക്മ വിക്ടറി ഡേ' ആയി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 9ന് യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജനാധിപത്യ രീതിയല്‍ ആത്യന്തം വാശിയോടെ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആവശ്യ 2019 ആഗസ്റ്റ് മുപ്പതിനായിരുന്നു ബ്രിട്ടണിലെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് വാദം കേട്ട് വിധി പ്രസ്താവിച്ചത്.
2019 ആഗസ്റ്റ് 31ന് യുക്മയുടെ ഏറ്റവും വലിയ ജനപങ്കാളിത്തം ഉള്‍പ്പെടുന്ന വള്ളം കളിയും മെഗാതിരുവാതിരയും ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ പങ്കാളികളാവുന്ന വലിയ പരിപാടി നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിതിന്റെ തൊട്ട് തലേദിവസം നടന്നിരുന്ന കേസ് യുക്മ ഭരണസമിതിയ്ക്ക് നല്‍കിയിരുന്ന സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. കേസ് പരിഗണിച്ച ഹൈക്കോടതി യുക്മ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ശേഷം അന്യായക്കാര്‍ ഉന്നയിച്ച വാദം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ഈ ഭരണസമിതിയെ വിലക്കുന്നത് യുക്മയെന്ന യുകെ മലയാളികളുടെ വികാരമായ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്നതിന് തുല്യമാവും എന്ന വിലയിരുത്തല്‍ നടത്തി കേസ് തള്ളിക്കളയുകയും, കോടതി ചെലവ് ഉള്‍പ്പെടെ യുക്മയ്ക്ക് നല്‍കുന്നതിന് ഉത്തരവാകുകയും ചെയ്യുകയാണുണ്ടായത്.
കേസ് സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ തുടര്‍ന്ന് നടന്ന യുക്മ അര്‍ദ്ധവാര്‍ഷിക പൊതുയോഗത്തില്‍, കേസ് നടത്തിപ്പിനായി യുക്മ നേതൃത്വം ചുമതലപ്പെടുത്തിയിരുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ വിശദീകരിക്കുകയും, തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി. കേസ് സംഘടനയുടെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നുവെങ്കിലും, ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ യുക്മയുടെ ഭരണഘടനയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനായുള്ള ചുവടുവയ്പുകള്‍ക്ക് ഏറെ ഗുണം ചെയ്യുകയാണുണ്ടായത്.
25/7/2020 ന് കൂടിയ യുക്മ ദേശീയ എക്‌സിക്യുട്ടീവ് കമ്മറ്റി യോഗമാണ് 2020 മുതല്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് 30ന് 'യുക്മ വിക്ടറി ഡേ' ആയി ആഘോഷിക്കുന്നതിനുള്ള തീരുമാനമെടുത്തത്. യുക്മ നാഷണല്‍ ട്രഷറര്‍ അനീഷ് ജോണ്‍ പേര് നിര്‍ദ്ദേശിക്കുകയും ദേശീയ ഭാരവാഹികളായ ടിറ്റോ തോമസ്, സാജന്‍ സത്യന്‍ എന്നിവര്‍ പിന്താങ്ങുകയും ചെയ്തു.
ദേശീയ തലത്തില്‍ വിവിധ അസോസിയേഷനുകളില്‍ ഓണാഘോഷം നടന്നു വരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം പ്രത്യേക ആഘോഷങ്ങള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ ആഗസ്റ്റ് 30ന് യുക്മയെന്ന പ്രസ്ഥാനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ മുന്‍നിറുത്തിയുള്ള ജനോപകാരമായ സെമിനാറുകളുള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.