നോര്‍താംപ്ടണ്‍ കൗണ്ടിയുടെ കഴിഞ്ഞ സീസണിലെ അവാര്‍ഡ് ദാന ചടങ്ങില്‍ നോര്‍താംപ്ടണ്‍ കൗണ്ടി അണ്ടര്‍ 13 ഗേള്‍സ് ക്രിക്കറ്റിലെ ടോപ് റണ്‍ സ്കോററും ബെസ്റ്റ് ബാറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാളി പെണ്‍കുട്ടി ഈവ് ഇലൈന്‍ ജോസഫ് ആണ്. ഇംഗ്ലണ്ടില്‍ എത്തി വെറും 5 മാസങ്ങള്‍ക്കുള്ളിലാണ് ഈ കൊച്ചുമിടുക്കി ഇത്തരം ഒരു നേട്ടം കയ്യെത്തിപ്പിടിക്കുന്നത്.
2021 ഏപ്രില്‍ അവസാനത്തോടെ ഇംഗ്ലണ്ടില്‍ എത്തിയ ഈവ് ഇലൈന്‍ മെയ് മാസം മുതല്‍ തന്നെ ലൂട്ടന്‍ ടൗണ്‍ ആന്‍ഡ് ഇന്ത്യന്‍സ് ക്രിക്കറ്റ് ക്ലബ്ബില്‍ ചേരുകയും അവിടുത്തെ വനിതാ ടീമിനുവേണ്ടി കളിക്കുകയും ചെയ്താണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റിലേക്ക് കാല്‍വെപ് നടത്തിയത്. ക്ലബ്ബിന്റെ വനിതാടീമിനു വേണ്ടിയും അണ്ടര്‍ 15 ബോയ്‌സ് ടീമിനുവേണ്ടിയും തുടര്‍ച്ചയായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെയാണ് ഈവിന് നോര്‍താംപ്ടണ്‍ കൗണ്ടി അണ്ടര്‍ 13 ഗേള്‍സ് ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കാന്‍ ഉള്ള അവസരം ഒരുങ്ങിയത്.
ജൂണ്‍ അവസാനത്തോടെ കൗണ്ടി ടീമില്‍ ഇടം നേടിയ ഈവ്, ആദ്യ കളിയില്‍ തന്നെ ഹാഫ് സെഞ്ച്വറിയുമായി ഗംഭീര അരങ്ങേറ്റമാണ് നടത്തിയത്. പിന്നീട് ചുരുങ്ങിയ കളികളില്‍ നിന്നായി 4 ഹാഫ് സെഞ്ച്വറിയോടെ 385 റണ്‍സ് ആണ് ഈ മിടുക്കി തന്റെ ടീമിനുവേണ്ടി നേടിയത്. സഫൊക് കൗണ്ടിക്കെതിരെ നേടിയ 50 റണ്‍സ് (നോട്ട് ഔട്ട്), 56 റണ്‍സ് എന്നിവയും വാര്‍വിക് ഷയര്‍ കൗണ്ടിക്കെതിരെ നേടിയ 59 റണ്‍സ്, നോര്‍ഫോക്കിനെതിരെ നേടിയ 94 റണ്‍സ് (നോട്ട് ഔട്ട് ) എന്നിവയുമാണ് ടോപ് റണ്‍ സ്‌കോറര്‍ ആയി ഈവിനെ എത്തിച്ചത്.
ഈ ക്രിക്കറ്റ് സീസണ്‍ അവസാനിക്കുമ്പോള്‍ ലൂട്ടന്‍ ടൗണ്‍ ആന്‍ഡ് ഇന്ത്യന്‍സ് ക്രിക്കറ്റ് ക്ലബ്ബിലെ അവാര്‍ഡ് ദാന ചടങ്ങില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ മോസ്റ്റ് പ്രോമിസിങ് പ്ലേയര്‍ അവാര്‍ഡും വനിതകളുടെ ടി20 ടീമിലെ ബെസ്റ്റ് ബോളര്‍ അവാര്‍ഡും വനിതകളുടെ സൂപ്പര്‍ 8 ടീമിലെ ബെസ്റ്റ് ബാറ്റെര്‍ അവാര്‍ഡും ഈവിന് തന്നെയായിരുന്നു.
നാട്ടില്‍ നിന്ന് ഇംഗ്ലണ്ടില്‍ എത്തുന്നതിന് മുന്‍പ് എറണാകുളം ഡിസ്ട്രിക്ട് ടീമില്‍ അംഗമായിരുന്നു ഈവ്. ഇംഗ്ലണ്ട് ടീമില്‍ ഒരിടം നേടണം എന്നതാണ് ഇപ്പോള്‍ ഈ കൊച്ചുമിടുക്കിയുടെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവും.