ലോകം കോവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കെ, മറ്റൊരു ലോക യുദ്ധത്തിന് വഴി തുറന്നു യുക്രൈന്‍- റഷ്യ പോര്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍ പാശ്ചാത്യ ചേരിയോട് അടുക്കുന്നതിന്റെ റഷ്യയുടെ നീരസമാണ് ലോകത്തെ യുദ്ധ ഭീതിയിലെത്തിച്ചിരിക്കുന്നത്. യുക്രൈന് പിന്തുണയുമായി അമേരിക്കയും നാറ്റോയും രംഗത്തുവന്നതോടെ ശാക്തിക ചേരികളുടെ ബലാബലത്തിനാണ് ലോകം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. 2014-ല്‍ റഷ്യ പിടിച്ചെടുത്ത യുക്രൈനിയന്‍ പ്രദേശമായ ക്രിമിയയില്‍ ഒരു ലക്ഷത്തിലധികം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് വലിയതോതില്‍ റഷ്യ പടക്കോപ്പുകളും വിന്യസിച്ചു. ഇതിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളടക്കം പുറത്തുവന്നു.
ഇതിനുപിന്നാലെ അമേരിക്ക ഏകദേശം 8,500 സൈനികരെ വിന്യസിക്കാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാറ്റോ സേനയും എത്തിയതോടെ നിലവിലെ സാഹചര്യം വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
വലിയ സൈനിക വിന്യാസമാണ് ക്രിമിയയിലും റഷ്യയുടെ അടുത്ത സഖ്യരാഷ്ട്രമായ ബെലാറസിലും. സൈനികര്‍ മാത്രമല്ല, ആയുധങ്ങള്‍, കവചങ്ങള്‍, പീരങ്കികള്‍ എന്നിവയുടെ വന്‍ശേഖരവും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പലതും ദൂരെയുള്ള താവളങ്ങളില്‍ നിന്ന് ട്രെയിനില്‍ കയറ്റിയാണ് എത്തിച്ചതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതിന്റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബെലാറസിലെ ഒസിപോവിച്ചി പരിശീലന മേഖലയില്‍ റഷ്യന്‍ സൈന്യം നിര്‍മ്മിച്ച് വിന്യസിച്ച മൊബൈല്‍ ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ സംവിധാനം അടക്കം വിന്യസിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അധിനിവേശത്തിനുള്ള ഒരു പദ്ധതിയും തങ്ങള്‍ക്കില്ലെന്നു റഷ്യയുടെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളുമായുള്ള യുക്രൈനിന്റെ കൂടി വരുന്ന ബന്ധങ്ങളില്‍ തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് റഷ്യ പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയും നാറ്റോ സേനയും യുക്രൈനിന് പൂര്‍ണപിന്തുണ നല്‍കുന്നതിനാല്‍ പെട്ടെന്നുള്ള സൈനിക നടപടി തുടങ്ങിയാല്‍ അത് മറ്റൊരു ലോക യുദ്ധത്തിനാവും സാക്ഷ്യം വഹിക്കുക. പുടിനും റഷ്യയും പ്രതാപം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു വരുകയായിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അത് കോവിഡ് മൂലം തകര്‍ന്ന ലോക സമ്പദ്‌വ്യവസ്ഥയുടെ വലിയ പതനത്തിനാവും സാക്ഷ്യം വഹിക്കുക. എണ്ണ വിലയടക്കം പൊള്ളിക്കും.