പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ബര്‍മിംങ്ഹാമിലെ നെടുമുടി വേണു നഗറില്‍ ലഫ്ബറോ ബിഷപ്പ് ഫാ സാജു മുതലാളി മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടത്തിയ ഹൃദ്യമായ പ്രസംഗത്തില്‍ ജന്മനാടിനെയും മറ്റും പരാമര്‍ശിച്ച് അദ്ദേഹം സദസ്സിനെ കൈയ്യിലെടുത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച യുക്മ നേതൃത്വത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വേദിയില്‍ ബിഷപ്പ് സാജു മുതലാളി യുക്മയുടെ ആദരം ഏറ്റുവാങ്ങി. പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയാണ് പൊന്നാടയണിയിച്ച് യുക്മയുടെ ആദരം നല്‍കിയത്. ചടങ്ങില്‍ വച്ച് യുക്മ ദേശീയ കലാമേളയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികള്‍ പങ്കെടുത്തു. യുക്മ ദേശീയ കലാമേളയുടെ സൗന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെ തുടര്‍ച്ചയായി പന്ത്രണ്ടാമത് കലാമേളയുടെ ചാമ്പ്യന്‍പട്ടം യുക്മ ദേശീയ അദ്ധ്യക്ഷന്‍ മനോജ്കുമാര്‍ പിള്ള, ഉപാദ്ധ്യക്ഷന്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രതിനിധാനം ചെയ്യുന്നതും യുക്മയുടെ ഏറ്റവും വലിയ റീജിയനുമായ സൗത്ത് ഈസ്റ്റ് റീജിയന്‍ കരസ്ഥമാക്കി. യുക്മ ഉപാദ്ധ്യക്ഷന്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ കെ.ജെ.സെബാസ്റ്റ്യന്‍ കണ്ണംകുളം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നും തിരിച്ചുപിടിച്ചു.80 പോയിന്റുമായി സൗത്ത് ഈസ്റ്റ് റീജിയന്‍ 73 പോയിന്റ് നേടി സൗത്ത് വെസ്റ്റ് റീജിയനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ആന്റണി എബ്രഹാം, സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ ട്രഷറര്‍ ഷാജി തോമസ്, സാസ്‌കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, റീജിയന്‍ ജോയിന്റ് ട്രഷറര്‍ വരുണ്‍ ജോണ്‍ തുടങ്ങിയവര്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചു. യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ജോണ്‍ കലവാണി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയാണ് സൗത്ത് വെസ്റ്റ് റീജിയന്‍ കരസ്ഥമാക്കിയത്. 70 പോയിന്റ് നേടിയ ഈസ്റ്റ് ആംഗ്ലിയ റീജിയണനാണ് മൂന്നാം സ്ഥാനം.
അസോസിയേഷനുകളുടെ ചാമ്പ്യന്‍പട്ടം വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കി. മൈക്കള്‍ കുര്യന്‍ തന്റെ ഭാര്യാപിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ വര്‍ക്കി പാമ്പക്കല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയാണ് 41 പോയിന്റുമായി വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കിയത്. മുന്‍ യുക്മ പ്രസിഡന്റ് വിജി. കെ.പി. തന്റെ പിതാവിന്റെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ കെ.എം പൈലി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി 32 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ലൂക്ക) നാണ്. 21 പോയിന്റ് നേടിയ ഈസ്റ്റ് യോര്‍ക് ഷെയര്‍ കള്‍ച്ചറല്‍ അസാേസിയേഷന്‍ മൂന്നാം സ്ഥാനം നേടി.
നിവേദ്യ സുനില്‍കുമാര്‍ കലാതിലകം; വൈഭവ് ബിബിന്‍ കലാപ്രതിഭ:
കോയിഡ് നിയന്ത്രണങ്ങള്‍ മൂലം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടന്ന യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ കെ.സി ഡബ്‌ളിയു. ക്രോയ്‌ഡോണിലെ നിവേദ്യ സുനില്‍ കുമാര്‍ കലാതിലകവും, ഡോര്‍സെറ്റ് മലയാളി അസോസിയേഷനിലെ വൈഭവ് ബിബിന്‍ കലാപ്രതിഭ പട്ടവും കരസ്ഥമാക്കി. സിനിമാറ്റിക് ഡാന്‍സ്, ഇംഗ്ലീഷ് പ്രസംഗം, സോളോ സോംഗ് എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സബ് ജൂനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും നിവേദ്യ നേടി. മലയാളം പ്രസംഗം ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാന്‍സ് രണ്ടാംസ്ഥാനവും നേടിയാണ് വൈഭവ് കലാപ്രതിഭയായത്.
നാട്യ മയൂരം ഭാഷാ കേസരി
മണ്‍മറഞ്ഞ യുക്മയുടെ സ്ഥാപക നേതാക്കന്‍മാരിലൊരാളായ എബ്രഹാം വരമണ്ണില്‍ ജോര്‍ജ് (അപ്പിച്ചായന്‍) ന്റെ പേരില്‍ അദ്ദേഹത്തിന്റെ മകന്‍ സുജിത്ത് എബ്രഹാം ഏര്‍പ്പെടുത്തിയ ഭാഷാ കേസരി പുരസ്‌കാരം സാലിസ്ബറി മലയാളി അസോസിയേഷനിലെ അനു ടോം കരസ്ഥമാക്കി.
യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മുന്‍ പ്രസിഡന്റും സമാരാധ്യനും പ്രിയങ്കരനുമായിരുന്ന വേര്‍പിരിഞ്ഞു പോയ രഞ്ജിത്ത് കുമാറിന്റെ (രഞ്ജിത്ത് ചേട്ടന്‍) പേരില്‍ അദ്ദേഹത്തിന്റെ കുടുബം ഏര്‍പ്പെടുത്തിയ പുരസ്‌കാരം നാട്യമയൂരം പുരസ്‌കാരം വോക്കിംഗ് മലയാളി അസോസിയേഷനിലെ അഖില അജിത്താണ് നേടിയത്.
വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയവര്‍:
കിഡ്‌സ് വിഭാഗത്തില്‍ മൂന്ന് കുട്ടികളാണ് ചാമ്പ്യന്‍ഷിപ്പ് പങ്കിട്ടെടുത്തത്. ജാന്‍വി.ജെ. നായര്‍ (വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍), നേത്ര നവീന്‍ (സി.കെ.സി കവന്‍ട്രി), ടിയാ പ്രിന്‍സ് (നോര്‍വിച്ച് മലയാളി അസോസിയേഷന്‍) എന്നിവരാണ് കിഡ്‌സ് വിഭാഗം ചാമ്പ്യന്‍മാര്‍. സബ് ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പ് കലാതിലകം കൂടിയ നിവേദ്യ സുനില്‍കുമാറും, ജൂനിയര്‍ വിഭാഗത്തില്‍ ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനിലെ ഈവ് ഐലിന്‍ ജോസഫും, സീനിയര്‍ വിഭാഗത്തില്‍ നാട്യമയൂരം അഖില അജിത്തും ചാമ്പ്യന്‍മാരായി.
കലാമേളക്ക് കൊടിയിറങ്ങിയപ്പോള്‍ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ദേശീയ കലാമേളയുടെ ചുമതല വഹിച്ചിരുന്നത് വൈസ് പ്രസിഡന്റ് ലിറ്റി ജിജോയും, ജോയിന്റ് സെക്രട്ടറി സാജന്‍ സത്യനുമാണ്. യുക്മ കലാമേളയുടെ ബാക്ക് ഓഫീസ് ചുമതല വഹിച്ചിരുന്നത് ദേശീയ സമിതിയംഗം കുര്യന്‍ ജോര്‍ജ്, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റി ബൈജു തോമസ് എന്നിവരാണ്. യുക്മ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ അവസാന ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങള്‍ ഏറ്റവും എളുപ്പവും സുതാര്യവുമാക്കിയിരിക്കുന്നത് പ്രത്യേകം സോഫ്റ്റ് വെയര്‍ ഉയോഗിച്ചാണ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറി കൂടിയായ ജോസ്.പി.എം ന്റെ ഉടമസ്ഥതതയിലുള്ള JMP സോഫ്റ്റ് വെയര്‍ എന്ന സ്ഥാപനമാണ് ഇക്കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നത്. JMP സോഫ്റ്റ് വെയറിനും നന്ദി അറിയിക്കുന്നു.
യുക്മ ദേശീയ കലാമേളയുടെ കുറ്റമറ്റതായ വിധി നിര്‍ണയം നടത്തി യുക്മയെ സഹായിച്ച വിധികര്‍ത്താക്കള്‍ക്കും നന്ദി അറിയിക്കുന്നു. യുക്മ കലാമേളയിലെ സമ്മാനങ്ങള്‍ നേരിട്ട് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് എത്തിച്ച് നല്‍കുന്നതാണ്.
യുക്മ കലാമേള സ്‌പോണ്‍സര്‍ ചെയ്ത അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സ്, മുത്തൂറ്റ് ഗ്രൂപ്പ്, എന്‍വിര്‍ട്‌സ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, എന്നീ സ്ഥാപനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
യുക്മ കലണ്ടര്‍ 2022 പ്രകാശനം ചെയ്തു:
യുക്മ കലണ്ടര്‍ 2022 പ്രകാശനം യുക്മ ദേശീയ ഭാരവാഹികളുടെ മഹനീയ സാന്നിധ്യത്തില്‍ ബിഷപ്പ് ഫാ. സാജു മുതലാളി നിര്‍വ്വഹിച്ചു. വളരെ മനോഹരമായി മള്‍ട്ടികളറില്‍ അച്ചടിച്ച 2022ലെ കലണ്ടര്‍ നാട്ടില്‍ അച്ചടിച്ച് ഇവിടെ എത്തിക്കുകയായിരുന്നു. കലണ്ടറില്‍ ഓരോ മാസത്തിലും കെടുത്തിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അലൈഡ് ഫിനാന്‍സ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന യുക്മ യു ഫോര്‍ച്യൂണ്‍ സമ്മാനം കരസ്ഥമാക്കാവുന്നതാണ്. കോവിഡ് മൂലം കണ്ടെയ്‌നറുകള്‍ എത്തിച്ചേരാന്‍ താമസിച്ചതിനാലാണ് കലണ്ടറുകള്‍ കുറച്ച് വൈകിയത്. 25000 യുക്മ കലണ്ടറുകളാണ് അച്ചടിച്ച് വിതരണത്തിനെത്തിച്ചിരിക്കുന്നത്. കലണ്ടറുകള്‍ യുകെയിലെമ്പാടുമുള്ള പ്രദേശിക അംഗ അസോസിയേഷനുകളിലും, അംഗ അസോസിയേഷന്‍ ഇല്ലാത്ത മറ്റിടങ്ങളിലും എത്തിച്ചിട്ടുണ്ട്. ഇനിയും കലണ്ടറുകള്‍ ആവശ്യമുള്ളവര്‍ കലണ്ടറിന്റെ അച്ചടിയുടെയും വിതരണത്തിന്റെയും ചുമതല വഹിക്കുന്ന എബി സെബാസ്റ്റ്യന്‍ (07702862186), ടിറ്റോ തോമസ് (07723956930) എന്നിവരെ ബന്ധപ്പെടണ്ടേതാണ്. കലണ്ടര്‍ അച്ചടിക്കുന്നതിന് സ്‌പോണ്‍സര്‍ ചെയ്തിതിരിക്കുന്നത് അലൈഡ് മോര്‍ട്‌ഗേജ് സര്‍വ്വീസസ്, മുത്തൂറ്റ് ഗ്രൂപ്പ്, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സ്, എന്‍വെര്‍ടിസ് കണ്‍സല്‍ട്ടന്‍സി ലിമിറ്റഡ്, ടൂര്‍ ഡിസൈനേഴ്‌സ് (യുകെ) ലിമിറ്റഡ്, ട്യൂട്ടര്‍ വേവ്‌സ്, സീകോം സര്‍വ്വീസ് (അക്കൗണ്ടന്‍സി) ലിമിറ്റഡ്, വിശ്വാസ് ഫുഡ്‌സ് എന്നീ സ്ഥാപനങ്ങളാണ്.
അനശ്വര കലാകാരന്‍ നെടുമുടി വേണു നഗറില്‍ നടന്ന യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള 2021 വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരോടും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് നന്ദി രേഖപ്പെടുത്തി.
യുക്മ ദേശീയ കലാമേള 2021 സമ്മാനദാനചടങ്ങുകളിലെ ഫോട്ടോകള്‍ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://photos.app.goo.gl/WSivBpZzaymR8HmP7