വിദേശം

എതിരാളികളില്ലാതെ പുടിന്റെ പടയോട്ടം; അമേരിക്കയും നാറ്റോയും മാളത്തില്‍


കീവ്: അമേരിക്കയും അവരുടെ യൂറോപ്യന്‍ സില്‍ബന്ധികള്‍ക്കും മുഖം നഷ്ടപ്പെട്ടു. കെട്ടുപൊട്ടിച്ച കാളക്കൂറ്റനായി പുടിന്‍ യുക്രൈനിലൂടെ അഴിഞ്ഞാടുമ്പോള്‍ മാളത്തില്‍ കയറിയിരിക്കുകയാണ് 'ലോക പോലീസ്' ചമയുന്ന അമേരിക്കയും നാറ്റോയും. യുക്രൈനോട് വിശ്വാസ വഞ്ചന കാട്ടിയ നാറ്റോ ഹാലിളകിവരുന്ന റഷ്യന്‍ സേനയ്ക്ക് മുമ്പില്‍ തലവച്ചു കൊടുക്കേണ്ട എന്ന തീരുമാനത്തിലെത്തി. അതായത് നാറ്റോയെ വിശ്വസിച്ചു റഷ്യയെ വെല്ലുവിളിച്ച യുക്രൈനോട് നാറ്റോ കൊടുംചതിയാണ് ചെയ്തത്. റഷ്യന്‍ സേനയെ പ്രതിരോധിക്കാന്‍ സ്വന്തം ജനങ്ങളുടെ കൈയില്‍ ആയുധം വച്ച് കൊടുക്കേണ്ട ഗതികേടാണ് അവര്‍ക്കു വന്നത്.

രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കൈയിലെടുക്കാന്‍ ജനങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്യുകയായിരുന്നു. റഷ്യന്‍ സൈന്യം കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയാറുള്ള ഏതൊരാള്‍ക്കും ആയുധം നല്‍കുമെന്നും സെലെന്‍സ്‌കി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുത്. രാജ്യത്തിന് വേണ്ടി പോരാടാന്‍ തയാറുള്ള ഏതൊരാള്‍ക്കും ആയുധം നല്‍കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് ആയുധം നല്‍കുന്നതുള്‍പ്പടെ അവസാന പ്രതിരോധങ്ങളിലേക്ക് നീങ്ങാന്‍ യുക്രൈനെ പ്രേരിപ്പിച്ചത്.
നാറ്റോയിലെ 27 രാജ്യങ്ങളോടും ഉള്‍പ്പടെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയാറായില്ലെന്നും സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും ആണ് സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

യൂറോപ്പിനെ ഭിന്നിപ്പിക്കാനുള്ള പുടിന്റെ നീക്കം വിജയിച്ചതായാണ് നാറ്റോ ഏതാണ്ട് നാമാവശേഷമായതിനു പിന്നില്‍. യൂറോപ്പിലെ അംഗ രാജ്യങ്ങളിലെല്ലാം ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാണ്. അവയില്‍ മിക്കതും റഷ്യന്‍ സൃഷ്ടിയാണ് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കത്തക്കവിധം റഷ്യയും കെജിബിയും മാറിക്കഴിഞ്ഞു. ട്രംപിന്റെ വിജയമൊക്കെ റഷ്യയുടെ ഇടപെടലിലൂടെയായിരുന്നു എന്ന ആരോപണം ശരിയാണെന്നു തോന്നുന്നവിധമാണ് കാര്യങ്ങള്‍. ട്രംപ് ആണ് നാറ്റോയെ ദുര്‍ബലപ്പെടുത്തിയത്. മാത്രമല്ല ബ്രിട്ടനിലെ ബ്രേക്‌സിറ്റ്‌ തന്നെ റഷ്യന്‍ താല്‍പര്യപ്രകാരം ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മാത്രമല്ല സമാനമായ രീതിയില്‍ ഇറ്റലിയിലും പോളണ്ടിലുമൊക്കെ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ വികാരം ശക്തമാക്കാന്‍ പുടിന്‍ ഇടപെടുന്നുണ്ട്.

റഷ്യയുടെ സൈനിക കരുത്തും അവര്‍ സിറിയയില്‍ കാണിച്ച വീറും ആണ് നാറ്റോയെ മാളത്തില്‍ കയറാന്‍ പ്രേരിപ്പിച്ചത്. റഷ്യ പ്രതീക്ഷിച്ച എതിര്‍പ്പുപോലും നാറ്റോയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്നതാണ് വസ്തുത. ശക്തനായ ഒരു നേതാവില്ലാത്ത ഇരുട്ടില്‍ തപ്പുകയാണ് നാറ്റോ. ബൈഡന്‍ തന്റെ ദുര്‍ബലത ഒന്നുകൂടി വെളിവാക്കി. അതോടെ മിഡില്‍ ഈസ്റ്റില്‍ നിന്നും യുദ്ധമുഖം യൂറോപ്പിലേക്ക് മാറ്റാന്‍ പുടിനായി. യുക്രൈനിലെ തേരോട്ടം യൂറോപ്പിലെ മറ്റു ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കും റഷ്യയെ വൈകാതെ എത്തിക്കും. ഐക്യരാഷ്ട്ര സഭയും നാറ്റോയും അപ്പോഴും മാളത്തില്‍ തന്നെയായിരിക്കും. ജനാധിപത്യം ഏകാധിപത്യത്തിനു കീഴടങ്ങുന്ന അവസ്ഥ.

'അഖണ്ഡ റഷ്യ' എന്ന ലക്ഷ്യവുമായി പുടിന്‍ തലങ്ങും വിലങ്ങും ബോംബിടുമ്പോള്‍ ലോകത്തിലെ ശാക്തിക സമവാക്യങ്ങള്‍ മാറുകയാണ്. അവിടെ സാമ്പത്തിക ഉപരോധങ്ങള്‍ എന്നത് വെറും ഓലപ്പാമ്പു മാത്രമാണ്. പ്രകൃതിവിഭവങ്ങള്‍ക്കൊണ്ടു സമ്പന്നമായ റഷ്യയെ അധികനാള്‍ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നവര്‍ക്കു തന്നെ അത് പാരയാകും.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions