കീവ്: റഷ്യയുടെ യുക്രൈന്‍ ആക്രമണം അമേരിക്കയുടെയും നാറ്റോ സഖ്യത്തിന്റെയും നേതാക്കളുടെ മുട്ടിടിപ്പിച്ചപ്പോള്‍ പുടിനെയും ഇരച്ചെത്തിയ മിസൈലുകളെയും സൈനികരെയും വീറോടെ ഒറ്റയ്ക്ക് ചെറുക്കുകയാണ് യുക്രൈന്‍. സേനയ്‌ക്കൊപ്പം സാധാരണക്കാരും ആയുധമെടുത്തു റഷ്യന്‍ സേനയ്‌ക്കെതിരെ പോരാടുന്നു. നാറ്റോ സേന കൈയും കെട്ടി നോക്കിനിന്നിട്ടും റഷ്യയുടെ വമ്പ് തനിയെ ചെറുക്കുകയാണ് യുക്രൈന്‍. അതിനവര്‍ക്ക് പ്രചോദനമാകുന്നത് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയാണ്. റഷ്യയ്ക്ക് മുന്‍പില്‍ കീഴടങ്ങില്ലെന്നും ആയുധം താഴെ വെക്കില്ലെന്നും താന്‍ ഒളിച്ചോടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ജനങ്ങളില്‍ പൊരുതാനുള്ള ആര്‍ജ്ജവം നല്‍കുകയാണ്. ശക്തമായ ചെറുത്തുനില്‍പ്പ് തന്നെ ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് പ്രസിഡന്റ് നല്‍കുന്നത്.
'ഇല്ല, നമ്മള്‍ കീഴടങ്ങുന്നില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഇത് നമ്മുടെ മണ്ണാണ്, നമ്മുടെ രാജ്യമാണ്. നമ്മുടെ കുട്ടികള്‍ക്കു വേണ്ടി നമ്മളതിനെ കാത്തുവയ്ക്കും' തന്റെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ നിന്ന് എടുത്ത വീഡിയോയില്‍ സെലന്‍സ്‌കി പറയുന്നു.
സെലന്‍സ്‌കിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസവും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിമാര്‍ക്കൊപ്പമുള്ള ഒരു വീഡിയോ സെലന്‍സ്‌കി പങ്കുവെച്ചിരുന്നു. താന്‍ കീവിലുണ്ടെന്നും എവിടേക്കും മാറിയിട്ടില്ലെന്നുമായിരുന്നു വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്.
രാജ്യത്തിന് വേണ്ടി പോരാടും. ഒരു തരത്തിലും ആയുധം താഴെ വെക്കില്ല. കീഴടങ്ങാന്‍ തയാറല്ലെന്നുമാണ് പുതിയ വീഡിയോയില്‍ സെലന്‍സ്‌കി പറഞ്ഞത്. കഴിഞ്ഞ ദിവസം സൈനിക പടച്ചട്ട അണിഞ്ഞു നില്‍ക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം പുറത്തുവന്നിരുന്നു. സെലന്‍സ്‌കിയെ കീവ് വിടാന്‍ അമേരിക്ക സഹായിക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. യുദ്ധം ഇവിടെയാണ്. തനിക്ക് യുദ്ധോപകരണങ്ങളാണ് ആവശ്യം. രക്ഷപ്പെടാനുള്ള വഴിയല്ലെന്നാണ് സെലന്‍സ്‌കി പറഞ്ഞത്. അവസാന ഘട്ടം വരെ യുക്രൈനില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യന്‍ സേനയുടെ അധിനിവേശം തടയുന്നതിനായി ജനം ആയുധവുമായി തെരുവിലുണ്ട്. റഷ്യന്‍ സൈനികരെ തടവിലാക്കി ആക്രോശിക്കുന്ന നാട്ടുകാരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടികളടക്കം ഇരുന്നൂറോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. എന്നാല്‍ രണ്ടു ദിവസത്തിനിടെ 3500 റഷ്യന്‍ സൈനികരെ വധിച്ചിട്ടുണ്ടെന്നാണ് യുക്രൈന്‍ സൈന്യത്തിന്റെ അവകാശവാദം. പതിനാലു റഷ്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും യുക്രൈന്‍ അവകാശപ്പെട്ടു. 102 റഷ്യന്‍ ടാങ്കറുകളും എട്ടു ഹെലികോപ്റ്ററുകളും തകര്‍ത്തെന്നും 536 സൈനിക വാഹനങ്ങളാണ് ഇതുവരെ യുക്രൈന്റെ പ്രതിരോധത്തില്‍ റഷ്യയ്ക്കു നഷ്ടമായതെന്നുമാണ് സൈന്യം പറയുന്നത്.
റഷ്യന്‍ സേനയുടെ മുന്നേറ്റം തടയുന്നതിന് യുക്രൈനിലെ തെക്കന്‍ പ്രവിശ്യയായ ഖേര്‍സണിലെ ഒരു പാലം കത്തിക്കുന്നതിന് വേണ്ടിയാണ് ഒരു സൈനികന്‍ സ്വയം പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുണ്ട് വൊളോഡിമിറോവിച് എന്ന സൈനികനാണ് രാജ്യത്തിനായി സ്വയം ജീവന്‍ വെടിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പാലത്തിലൂടെ റഷ്യന്‍ ടാങ്കറുകള്‍ പ്രവേശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്.ക്രിമിയയെയും യുക്രൈന്റെ മെയിന്‍ ലാന്‍ഡിനെയും ബന്ധിപ്പിക്കുന്ന പാലമായ ഹെനിഷെസ്‌കിനാണ് സ്വയം തീകൊളുത്തിയതിലൂടെ സൈനികന്‍ തീയിട്ടത്.
അതേസമയം, ഒഡേസയിലും കീവിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. കരമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഉക്രൈന്‍ സൈന്യം ചെറുത്തുനില്‍പ്പ് തുടരുമ്പോള്‍ വ്യോമാക്രമണം ശക്തമാക്കുകയാണ് റഷ്യ.
അതിനിടെ യുക്രൈന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.
ആയുധങ്ങള്‍ ഉള്‍പ്പെടെസുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളര്‍ ആണ് അനുവദിച്ചിട്ടുള്ളത്. സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യ-യുക്രൈന്‍ യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി വിദേശമാധ്യമങ്ങള്‍ പറയുന്നു. അമേരിക്കയും ബ്രിട്ടണും യൂറോപ്യന്‍ രാജ്യങ്ങളുമടക്കം 27 രാഷ്ട്രങ്ങള്‍ യുക്രൈന് ആയുധങ്ങള്‍ അടക്കം സൈനിക സഹായം നല്‍കാന്‍ തീരുമാനിച്ചതായി പറയുന്നു. വെടിമരുന്ന്, ടാങ്ക് അടക്കം ആയുധങ്ങള്‍, വ്യോമ പ്രിതിരോധ ആയുധങ്ങള്‍ എന്നിവ പോലുള്ള സൈനിക സഹായങ്ങളും മരുന്ന് അടക്കം പ്രാഥമിക സഹായങ്ങളുമാണ് യുക്രൈന് നല്‍കുക. നെതര്‍ലാന്‍ഡ് 200 സ്ട്രിങ്ങര്‍ മിസൈലുകള്‍ നല്‍കാന്‍ തയാറെടുത്തെന്നും മാധ്യമറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും സ്ഥിരീകരിച്ചു. തങ്ങളുടെ പങ്കാളികളില്‍ നിന്നുള്ള ആയുധങ്ങള്‍' വരാനിരിക്കുന്നതായി സെലെന്‍സ്‌കി വ്യക്തമാക്കി. 'ഇമ്മാനുവല്‍ മാക്രോണുമായുള്ള സംഭാഷണത്തോടെ നയതന്ത്ര മുന്നണിയിലെ ഒരു പുതിയ ദിവസം ആരംഭിച്ചു. ഞങ്ങളുടെ പങ്കാളികളില്‍ നിന്നുള്ള ആയുധങ്ങളും ഉപകരണങ്ങളും യുക്രൈനിലേക്കുള്ള വഴിയിലാണ്. യുദ്ധവിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സഖ്യത്തിന്റെ ഭാഗമായ രാജ്യങ്ങള്‍ സൈനിക സഹായം വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗ് വ്യക്തമാക്കി.