വിദേശം

ഇപ്പോള്‍ പൊട്ടിക്കുമെന്ന് പുടിന്‍

റഷ്യ- യുക്രൈന്‍ യുദ്ധം ലോക സമാധാനത്തിനു ഭീഷണിയാകുമ്പോള്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ വിവരക്കേട് വലിയ തമാശയായി മാറുകയാണ്. 30 വര്‍ഷം മുമ്പ് വരെ ഒറ്റ ജനതയായിരുന്ന യുക്രൈന്‍കാരുടെ നേര്‍ക്ക് മൈസലുകളും ബോംബുകളും വര്‍ഷിക്കാന്‍ പുടിന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല എന്നതാണ് അത്ഭുതകരം. കുഞ്ഞന്‍ രാജ്യമായ യുക്രൈനെ അപ്പാടെ വിഴുങ്ങുകയാണ് പുടിന്റെ ലക്‌ഷ്യം. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കൊണ്ടു യുക്രൈനെ കാല്‍ക്കീഴിലാക്കി വിജയഭേരി മുഴക്കാമെന്നായിരുന്നു പുടിന്റെ കണക്കുകൂട്ടല്‍. നാറ്റോ മാളത്തിലൊളിച്ചതോടെ പുടിന് ആത്മവിശ്വാസം കൂടി.

എന്നാല്‍ തലസ്ഥാനമായ കീവ് അനായാസം പിടിച്ചടക്കാമെന്ന പുടിന്റെ കണക്കുകൂട്ടല്‍ തെറ്റി. അവിടെ റഷ്യന്‍ സേനയെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുകയാണ് യുക്രൈന്‍കാര്‍. ജനങ്ങള്‍ക്ക് ആയുധം കൊടുത്തു അവര്‍ക്കു പൊരുതാനുള്ള ആത്മവിശ്വാസം നല്‍കി പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കി മുന്നിലുണ്ട്. ജീവനല്ല ആയുധമാണ് തങ്ങള്‍ക്കു വേണ്ടത് എന്നാണ് അദ്ദേഹം രക്ഷാ വാഗ്ദാനവുമായി വന്നവരോട് പറഞ്ഞത്. പുടിനെപ്പോലെ സേഫ്‌സോണില്‍ ഇരുന്നു ഉത്തരവിടുകയല്ല സെലെന്‍സ്‌കി. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന തന്റെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം. കൊല്ലപ്പെടുമെന്ന ഭീതി ലവലേശം ഇല്ലാതെ സൈനിക യൂണിഫോമുമിട്ട് സെലെന്‍സ്‌കി പട നയിക്കുന്നു. അതുകൊണ്ടുതന്നെയാണ് കീവില്‍ റഷ്യന്‍ സേന പാടുപെടുന്നത്.

കീവിലെ ചെറുത്തു നില്‍പ്പ് കണ്ട് മാളത്തിലായിരുന്ന നാറ്റോ നേതാക്കളൊക്കെ തലപൊക്കി തുടങ്ങിയിട്ടുണ്ട്. ബ്രിട്ടനടക്കം ആയുധവും പടക്കോപ്പും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അതെങ്ങനെ യുക്രൈനില്‍ എത്തുമെന്ന് വ്യക്തമല്ല. ബോറിസ് ജോണ്‍സനോക്കെ പുടിന് താക്കീതു നല്‍കി തുടങ്ങി. മറ്റു നാറ്റോ രാജ്യങ്ങളും ഉപരോധവും ആയുധ വാഗ്ദാനവുമായി രംഗത്തു വന്നുകൊണ്ടിരിക്കുന്നു. നാറ്റോ കൈവിട്ടപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നും സ്വന്തം നിലയില്‍ പൊരുതും എന്നും വ്ലാദിമിര്‍ സെലെന്‍സ്‌കി പറഞ്ഞത്. അതാണിപ്പോള്‍ കാണുന്നത്. യുക്രൈന്റെ ചെറുത്തുനില്‍പ്പും അവിടവിടെയായി നാറ്റോ നേതാക്കളുടെ രംഗപ്രവേശവും കണ്ടാണ് ആണവായുധം പൊട്ടിക്കുമെന്ന പുടിന്റെ ഭീഷണി വരുന്നത്. എന്നാല്‍ കടല ഞെരിക്കുംപോലെ എളുപ്പം പൊട്ടിച്ചു വിടുന്ന ഒന്നല്ല അണുബോംബെന്നു വിറളിപിടിച്ച പുടിനറിയില്ല. അതേക്കുറിച്ചു ഓര്‍മ്മിപ്പിക്കാനോ താക്കീത് നല്‍കാനോ റഷ്യയില്‍ ഒരു പ്രതിപക്ഷ നേതാവില്ല. അദ്ദേഹം ജയിലിലാണ്. 'ഞാനാണ് രാജ്യം' എന്ന് പറഞ്ഞ ലൂയി പതിനാലാമന്റെ മോഡേണ്‍ പതിപ്പായിക്കൊണ്ടിരിക്കുകയാണ് പുടിന്‍. അവിടെ അദ്ദേഹത്തെ ഉപദേശിക്കാനോ തടയാനോ സര്‍ക്കാരിലെ (അങ്ങനെയൊന്നില്ല) ആരെങ്കിലും ശ്രമിച്ചാല്‍ തലകാണില്ല.

ലോകത്തു ആകെ രണ്ടുതവണയെ ജനത്തിനുമേല്‍ അണുബോംബ് പരീക്ഷിച്ചിട്ടുള്ളൂ. ഹിരോഷിമയിലും നാഗസാക്കിയിലും അന്ന് അമേരിക്ക നടത്തിയ അബദ്ധം ഇന്നും മായാതെ മുറിവായി ജപ്പാന്‍ ജനത അനുഭവിക്കുന്നു. അന്ന് രണ്ടാം ലോക മഹായുദ്ധം ഏതാണ്ട് അവസാനിക്കുകയും ജര്‍മനിയും ഇറ്റലിയും കീഴടങ്ങുകയും ചെയ്തപ്പോഴാണ് അനവസരത്തിലുള്ള അമേരിക്കയുടെ ബോംബിങ്. തങ്ങളുടെ മേധാവിത്തം കാട്ടാനുള്ള സ്വാര്‍ത്ഥതയായിരുന്നു അവരെ ആ മഹാപാതകം ചെയ്യിച്ചത്. അന്ന് ജപ്പാന്‍ അമേരിക്കയുടെ ശത്രുരാജ്യം ആണെന്നെങ്കിലും പറയാമായിരുന്നു. എന്നാല്‍ ഇവിടെ യുക്രൈന്‍ റഷ്യയെപ്പോലെ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമാണ്. സാര്‍ ചക്രവര്‍ത്തിമാരെ തോളോട് തോള്‍ ചേര്‍ന്ന് മുട്ടുകുത്തിച്ചു വിപ്ലവം കൊണ്ടുവന്നവര്‍. 30 വര്‍ഷം മുമ്പ് വരെ ഒരേ ജനതയായിരുന്നവര്‍. അവര്‍ക്കു നേരെയാണ് 'പൊട്ടിക്കുമെന്ന്' പുടിന്‍ വിളിച്ചു കൂവുന്നത്.

നാറ്റോയില്‍ നിന്ന് ഉണ്ടെന്നു റഷ്യ പറയുന്ന ഭീഷണി മോസ്‌കോയില്‍ നിന്ന് യുക്രൈനും നേരിടുന്നുണ്ട്. ഇവിടെ രണ്ടു കൂട്ടരെയും ഒരു മേശയ്ക്കു ചുറ്റും ഇരുത്തിയുള്ള ചര്‍ച്ചയ്ക്കു ഐക്യരാഷ്ട്ര സഭ മുന്നിട്ടിറങ്ങണമായിരുന്നു. ചര്‍ച്ച ചെയ്തു സമവായത്തിലെത്തേണ്ട ഒരു നയതന്ത്രവിഷയമാണ് മിസൈലുവിട്ടു പരിഹരിക്കാന്‍ ശ്രമിക്കുന്നത്. റഷ്യയുടെ അടുക്കള നിരങ്ങുന്ന ബെലാറസിലാണ് ഇനി ചര്‍ച്ച. അതുകൊണ്ടാവണം ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയില്ലെന്നു സെലെന്‍സ്‌കി പ്രതികരിച്ചത്. എന്തായാലും സ്വന്തം പരമാധികാരത്തിനു നേര്‍ക്ക് ആക്രമണം നടത്തുന്നത് എത്ര വലിയ വമ്പനായാലും ഭീതികൂടാതെ ചെറുത്തുനില്‍ക്കുക എന്ന യുക്രൈയിന്‍ പാഠമാണ് ഈ യുദ്ധം കൊണ്ട് ലോകത്തിനു ലഭിച്ച ഏക കാര്യം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions