കീവ്: റഷ്യന്‍ സേനയ്ക്കും പുടിനും തലവേദനയായി ചെറുത്തു നില്‍ക്കുന്ന യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയെ വധിക്കാന്‍ കൂലിപ്പടയെ ഇറക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സെലെന്‍സ്കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനായി റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആഫ്രിക്കയില്‍ നിന്ന് അഞ്ചാഴ്ച മുമ്പാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഇവരെയെത്തിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ അടുപ്പക്കാരന്‍ നടത്തുന്ന സ്വകാര്യ സായുധസംഘമായ 'ദ വാഗ്‌നര്‍ ഗ്രൂപ്പാ'ണ് ഇതിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.
ശനിയാഴ്ച രാവിലെയാണ് യുക്രൈന്‍ സര്‍ക്കാരിന് ഇതേക്കുറിച്ച് വിവരം കിട്ടിയത്. അതിനാലാണ് കീവില്‍ 36 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. റഷ്യന്‍ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. കര്‍ഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യന്‍ ഏജന്റായി കണ്ട് ഉടന്‍ വെടിവെക്കുമെന്ന് മുന്നറിയിപ്പു നല്‍കിയതും ഇതിനാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ബെലാറസില്‍ ചര്‍ച്ച നടക്കുന്നതിനിടെയും റഷ്യ ആക്രമണം കടുപ്പിക്കുകയായിരുന്നു. അധിനിവേശം ആറാം ദിനത്തിലേക്ക് കടന്നപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ സാഹചര്യങ്ങള്‍ രൂക്ഷമാവുന്നു. ഖാര്‍കീവില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ശക്തമായ വ്യോമാക്രമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനങ്ങളുടെ ശബ്ദങ്ങള്‍ കേട്ടാണ് ഇന്ന് ഉണര്‍ന്നത് എന്നാണ് മേഖലയിലെ സ്ത്രീകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. റോക്കറ്റുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണക്കാരായ ആളുകള്‍ കൊല്ലപ്പെട്ടതായും ഖാര്‍കീവ് മേയര്‍ ഇഗോര്‍ ടെറേകോവ് പ്രതികരിച്ചു.
ദിവസങ്ങളായി ആക്രമണം ഭയന്ന് ബങ്കറുകളില്‍ കഴിയുന്ന പ്രദേശവാസികള്‍ തങ്ങളുടെ ദുരിതം വിവരിക്കുന്ന വീഡിയോകള്‍ ഉള്‍പ്പെടെ ബിബിസി പുറത്ത് വിട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യം വളഞ്ഞ തലസ്ഥാനമായ കീവിലും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. എന്നാല്‍ കീവില്‍നിന്ന് സാധാരണക്കാര്‍ക്ക് പുറത്ത് കടക്കാന്‍ സുരക്ഷിത ഇടനാഴി ഉപയോഗിക്കാമെന്ന് റഷ്യ പറഞ്ഞു. കീവിന് തെക്കുപടിഞ്ഞാറായി വാസില്‍കീവിലേക്കുള്ള ഹൈവേയിലൂടെ കീവ് വിടാമെന്നാണ് റഷ്യന്‍ പ്രതിരോധമന്ത്രാലയവക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കൊണഷെങ്കോവ് അറിയിച്ചത്.
അതേസമയം, യുക്രൈനില്‍ റഷ്യന്‍ സൈനിക നീക്കത്തില്‍ സിവിലിയമാരും ആക്രമിക്കപ്പെട്ടതായി യു.എന്‍. മനുഷ്യാവകാശവിഭാഗം കുറ്റപ്പെടുത്തി. റഷ്യയുടെ ആക്രമണത്തില്‍ ഏഴു കുട്ടികളുള്‍പ്പെടെ 102 സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് യു.എന്‍. മനുഷ്യാവകാശവിഭാഗം മേധാവി മിഷേല്‍ ബാച്ലെ പ്രതികരിച്ചു. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതില്‍ കൂടുതലായിരിക്കുമെന്ന് ഭയപ്പെടുന്നതായും അവര്‍ പറഞ്ഞു. 16 കുട്ടികള്‍ കൊല്ലപ്പെട്ടെന്നും 45 കുട്ടികള്‍ക്കു പരിക്കേറ്റെന്നുമായിരുന്നു യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി നടത്തിയ പ്രതികരണം.
കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകന്നതായാണ് റിപ്പോര്‍ട്ട്. മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വന്‍തോതില്‍ റഷ്യന്‍ സൈനികര്‍ യുക്രൈനിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് റഷ്യന്‍സേനാ വാഹനങ്ങളുടെ ദൃശ്യമാണ് സാറ്റലൈറ്റ് ചിത്രത്തിലുള്ളത്. സാറ്റലൈറ്റ് ചിത്രം അനുസരിച്ച് വാഹനവ്യൂഹം വടക്കുകിഴക്കന്‍ യുക്രൈനിലെ ഇവാന്‍കിവില്‍ നിന്ന് തലസ്ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ടാങ്കുകള്‍, റോക്കറ്റ് വിക്ഷേപിണികള്‍ എന്നിവയും ഇന്ധനടാങ്കുകളും അടക്കമുള്ള വാഹനങ്ങളാണ് ഷെവ്‌ചെങ്ക റോഡ് വഴി കീവിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. കീവ് എങ്ങനെയും പിടിച്ചു യുക്രൈനെ വരുതിയിലാക്കുകയാണ് പുടിന്റെ ലക്‌ഷ്യം.