തലസ്ഥാനമായ കീവ് എങ്ങനെയും പിടിച്ചടക്കി പാവ സര്‍ക്കാരിനെ അവരോധിക്കാനുള്ള ലക്ഷ്യത്തില്‍ റഷ്യ വ്യോമാക്രമണം ശക്തമാക്കി. തെക്കന്‍ കീവിലെ സുപ്രധാന റെയില്‍വേ സ്റ്റേഷനും പല ഭാഗങ്ങളിളെയും ഹീറ്റിംഗ് ഫസിലിറ്റിയും റഷ്യ ബോംബിട്ടു തകര്‍ത്തു. ഇതോടെ കടുത്ത ശൈത്യകാലത്ത് ജനങ്ങള്‍ മരവിച്ചു പലായനം തുടരുകയാണ്. റഷ്യന്‍ ക്രൂയിസ് മിസൈല്‍ വീണാണ് തെക്കന്‍ കീവിലെ സുപ്രധാന റെയില്‍വേ സ്റ്റേഷന്‍ തകര്‍ന്നതെന്ന് യുക്രെയിന്‍ ഇന്റീരിയര്‍ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റണ്‍ ഹെരാഷെന്‍കോവ് അറിയിച്ചു. സ്ഫോടനമുണ്ടായെങ്കിലും ട്രെയിന്‍ സര്‍വീസുകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലായനം ചെയ്യുന്ന യുക്രെയിന്‍ ജനത കൂട്ടമായി എത്തുന്ന സ്റ്റേഷനുകളില്‍ ഒന്നാണിത്. മരണ സംഖ്യ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വലിയ തോതിലുള്ള കുലുക്കവും അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, സ്ഫോടനം നടന്ന റെയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത് യുക്രെയിന്‍ പ്രതിരോധമന്ത്രാലയത്തിന് സമീപമായിരുന്നു സ്ഫോടനം
യുക്രെയിന്‍ പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യം വെച്ച് റഷ്യ രണ്ടു മിസൈലുകള്‍ തൊടുത്തുവിട്ടെന്നും അതിലൊന്ന് യുക്രെയിന്‍ സൈന്യം തകര്‍ത്തു എന്നും ഉള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിലൊന്നാണ് പ്രതിരോധമന്ത്രാലയത്തിന് അഭിമുഖമായി റോഡിന്റെ മറുഭാഗത്ത് സ്ഥിതിചെയ്യുന്ന റെയില്‍വേസ്റ്റേഷനില്‍ പതിച്ചതെന്നും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകാനായി കൂട്ടംകൂടിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് റെയില്‍വേകമ്പനി വക്താവ് പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും യുക്രെയിന്‍ ജനത കനത്ത പോരാട്ടം നടത്തുകയാണ്. യുക്രെയിനെതിരെ ആക്രമണത്തിനിറങ്ങിയ ഓരോ റഷ്യന്‍ സൈനികനേയും പിടികൂടി യുദ്ധത്തടവുകാരായി വിചാരണ ചെയ്യുമെന്ന് യുക്രെയിന്‍ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്സസ് കമാന്‍ഡര്‍ പറഞ്ഞു.
യുദ്ധം തുടങ്ങി 8,74,000 യുക്രെയിനികളാണ് ഇതുവരെ യുക്രെയിന്‍ വിട്ട് പോയതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ ആഴ്ചയില്‍ തന്നെ മരണം ആയിരം കടന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുക്രെയിന്‍ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് പറയുന്നത് 2000-ല്‍ അധികം സാധാരണക്കാര്‍ ഇതുവരെ മരണമടഞ്ഞു കഴിഞ്ഞു എന്നാണ്. മറിച്ച് 6000 റഷ്യന്‍ സൈനികരെ വധിച്ചു എന്നും യുക്രെയിന്‍ അവകാശപ്പെടുന്നു.
കീവിലെ ടെലിവിഷന്‍ ടവറില്‍ നടത്തിയ ആക്രമണത്തില്‍ മരണമടഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെടുത്തു. റഷ്യന്‍ സൈന്യം നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, എന്തു സംഭവിച്ചാലും പോരാടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കീവ് മേയര്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ കൈയ്യഴിഞ്ഞ് സഹായിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
രണ്ടാമത്തെ വലിയ നഗരമായ കാര്‍ക്കീവിലും ഇന്നലെ രാത്രി വലിയ ബോംബാക്രമണം ഉണ്ടായി. എന്നാല്‍, കരിങ്കടല്‍ തീരത്തെ ഖെര്‍സണ്‍ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന റഷ്യന്‍ അവകാശവാദം യുക്രെയിന്‍ തള്ളി. ഈ തുറമുഖത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. റഷ്യയ്ക്ക് നേരിയ മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്നും ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നു.