മോസ്കോ : വ്ലാദിമിര്‍ പുടിന്റെ തലയ്ക്ക് 1 മില്യണ്‍ ഡോളര്‍ വിലയിട്ട് റഷ്യന്‍ വ്യവസായി. ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് അലക്സ് കൊനാനിഖിന്‍ അപകടം പിടിച്ച ഈ പ്രസ്താവന നടത്തിയത്. പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ നടപടി എടുക്കേണ്ടതും യുക്രൈനെ സഹായിക്കേണ്ടതും തന്റെ ധാര്‍മിക കടമയാണെന്ന് അദ്ദേഹം കുറിച്ചു. റഷ്യന്‍ നിയമങ്ങള്‍ പ്രകാരം പുടിനെ പിടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികമായി 1,000,000 ഡോളര്‍ നല്‍കുമെന്നാണ് വാഗ്ദാനം. പോസ്റ്റില്‍ പുടിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടകൊലയ്ക്ക് കാരണക്കാരനായ പുടിനെ ജീവനോടെയോ അല്ലാതെയോ പിടിക്കണമെന്ന് അലക്സ് പറയുന്നു.
രൂക്ഷമായ ഭാഷയില്‍ പുടിനെ വിമര്‍ശിച്ച അലക്സ് 1996ല്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ്. റഷ്യന്‍ എക്‌സ്‌ചേഞ്ച് ബാങ്കില്‍ നിന്ന് 8 മില്യണ്‍ ഡോളര്‍ അപഹരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് യുഎസില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് റഷ്യന്‍ അധികാരികളുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അതേസമയം, യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. പുടിന്‍ അഭിനവ ഹിറ്റ്‍ലര്‍ ആണെന്നും യുക്രൈയ്‍നിലെ നിഷ്കളങ്കരായ ജനത കൂട്ടക്കൊല ചെയ്യപ്പെടുന്നത് കൈയും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. യുദ്ധവിരുദ്ധ മുദ്രവാക്യങ്ങളുമായി നിരവധി പേരാണ് തെരുവില്‍ ഇറങ്ങിയത്.
അതിനിടെ, റഷ്യന്‍ ആക്രമണത്തിന് പിന്നാലെ യുക്രൈന്‍ ആണവനിലയത്തില്‍ തീപിടുത്തം ഉണ്ടായി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയത്തിനാണ് തീപിടിച്ചത്.
റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിന്റെ ഫലമായി സപ്പോരിഷ്യ ആണവനിലയത്തില്‍ തീപിടിത്തമുണ്ടായതായി പ്ലാന്റിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ യുക്രൈന്‍ വക്താവ് ആന്ദ്രേ തുസ് പറഞ്ഞു.
റഷ്യ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും, വെടിനിര്‍ത്തലിലേക്കുള്ള ഒരു നീക്കവും കാണുന്നില്ലെന്നും യുക്രൈയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളോട് സൈനിക സഹായം വര്‍ധിപ്പിക്കണമെന്നും വിമാനങ്ങള്‍ നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
ആക്രമണത്തില്‍ പ്ലാന്റിന്റെ പവര്‍ യൂണിറ്റ് തകര്‍ന്നിട്ടുണ്ട്. അപകടസ്ഥിതി കണക്കിലെടുത്ത് യുദ്ധം ഉടന്‍ നിര്‍ത്തണമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.
എനെര്‍ഹോദറിലെ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തണമെന്നും അവിടെ പ്രവര്‍ത്തിക്കുന്ന സൈനിക സേനയോട് ആണവ നിലയത്തിന് സമീപമുള്ള അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നനും ഐ.എ.ഇ.എ ഡയറക്ടര്‍ റാഫേല്‍ മരിയാനോ ഗ്രോസി ആവശ്യപ്പെട്ടിരുന്നതായി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.