ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറുമായ ഷെയ്ന്‍ വോണ്‍ (52) ആകസ്മിക വിയോഗത്തിന്റെ നടുക്കത്തിലാണ് ക്രിക്കറ്റ് ലോകം. ശനിയാഴ്ച പുലര്‍ച്ചെ വോണ്‍ അന്തരിച്ചതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് പ്രസ്താവന പുറത്തിറക്കിയിരുന്നു. തായ്‌ലാന്‍ഡിലെ കോ സമുയിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
'ഷെയ്‌നിനെ തന്റെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ സ്റ്റാഫ് പരമാവധി ശ്രമിച്ചിട്ടും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല,' പ്രസ്താവനയില്‍ പറയുന്നു.
'കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യര്‍ത്ഥിക്കുന്നു, കൂടുതല്‍ വിശദാംശങ്ങള്‍ യഥാസമയം നല്‍കും.'
24 മണിക്കൂറിനുള്ളില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് സംഭവിച്ച രണ്ടാമത്തെ വിയോഗമാണ് ഷെയ്ന്‍ വോണിന്റെത്. ഓസീസ് ലെജന്‍ഡ് റോഡ് മാര്‍ഷും ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അന്തരിച്ചിരുന്നു.
ലോകം കണ്ട എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു ഷെയ്ന്‍ വോണ്‍.
15 വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറില്‍ 708 ടെസ്റ്റ് വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. ശ്രീലങ്കന്‍ ബൗളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരന് പിന്നില്‍ രണ്ടാമതായായിരുന്നു അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. ഒരു ഓസ്‌ട്രേലിയക്കാരന്റെ ഏറ്റവും മികച്ച ബൊളിംഗ് ഫിഗേഴ്‌സാണിത്.
ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളില്‍നിന്ന് 708 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍നിന്ന് 293 വിക്കറ്റുകളും വോണ്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2008 ലെ പ്രഥമ ഐപിഎല്‍ ടൂര്‍ണമെന്റില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം ചൂടിയത് ഷെയ്ന്‍ വോണിന്റെ നേതൃത്വത്തിലായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. ഓസ്ട്രേലിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും വോണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിരവൈരികളായ ഇംഗ്ലണ്ടിന്റെ ബൗളിംഗ് കോച്ചായി സ്ഥാനമേറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് താരത്തിന്റെ അന്ത്യം. റെക്കോഡുകളുടെ കൂട്ടുകാരനായ വോണിന്റെ 'നൂറ്റാണ്ടിന്റെ ബോള്‍' ക്രിക്കറ്റ് ലോകത്തിനു ഇന്നും അത്ഭുതമാണ്.
ദുഃഖപൂര്‍ണ്ണവും ഞെട്ടിക്കുന്നതുമാണ് വോണിന്റെ മരണവാര്‍ത്തയെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. വോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ട്വീറ്റ്.
'വോണ്‍, താങ്കളെ മിസ് ചെയ്യും. നിങ്ങള്‍ക്കൊപ്പം ഒരിക്കലും ഒരു മോശം നിമിഷമുണ്ടായിരുന്നില്ല, ഫീല്‍ഡിന് പുറത്തായാലും അകത്തായാലും. ഫീല്‍ഡില്‍ തമ്മിലുള്ള പോരാട്ടവും ഫീല്‍ഡിന് പുറത്തെ പരിഹാസങ്ങളും എപ്പോഴും ഒരു നിധിയായിരിക്കും. ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കിടയിലും താങ്ങള്‍ക്ക് വിശേഷപ്പെട്ട സ്ഥാനമുണ്ട്. മടക്കം വളരേ നേരത്തേയാണ്', സച്ചിന്‍ ട്വീറ്റ് ചെയ്തു.