അസോസിയേഷന്‍

'യുക്മ കേരളപൂരം വള്ളംകളി 2022' യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ ഓഗസ്റ്റ് 27ന്

ഷെഫീല്‍ഡ്: യുക്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2022' ഇത്തവണ ഓഗസ്റ്റ് 27ന് നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ് കുമാര്‍ പിള്ള അറിയിച്ചു.

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട മത്സര വള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് ആദ്യ രണ്ട് വര്‍ഷങ്ങളിലും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്. 2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്‌സ്‌ഫോര്‍ഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു.

മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മറ്റിയുടെ ആദ്യത്തെ വര്‍ഷം മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തിലായിരുന്നു സംഘടിപ്പിച്ചത്. മൂന്നാമത് വള്ളംകളി മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്ക് തുഴയുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ടീമുകളുടെ എണ്ണം 24 ആയി പരിമിതപ്പെടുത്തുകയാണുണ്ടായത്.

കൂടാതെ മത്സരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം മറ്റ് വിനോദ പരിപാടികള്‍ക്ക് നീക്കി വയ്ക്കുന്നതിനും സാധ്യമാവും വിധമായിരുന്നു അവസാന വര്‍ഷത്തെ വള്ളംകളി സംഘടിപ്പിച്ചത്. ഏകദേശം അഞ്ഞൂറോളം മലയാളി വനിതകള്‍ പങ്കെടുത്ത 'മെഗാ തിരുവാതിര' കഴിഞ്ഞ പ്രാവശ്യത്തെ ഷെഫീല്‍ഡ് വള്ളംകളിയുടെ പ്രത്യേക ആകര്‍ഷണമായിരുന്നു.

കാണികളായി എത്തുന്ന ആളുകളുടെ എണ്ണത്തിലും മുന്‍വര്‍ഷങ്ങളില്‍ നിന്നും വലിയ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളി മത്സരം പ്രകൃതി രമണീയവും കൂടുതല്‍ സൗകര്യപ്രദവുമായ ഷെഫീല്‍ഡില്‍ സംഘടിപ്പിച്ചപ്പോള്‍ ഏകദേശം 7,000 ആളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിരുന്നു. വള്ളംകളി കാണുന്നതിനും, കാര്‍ണിവലില്‍ പങ്കെടുത്ത് ദിവസം മുഴുവനും ആഹ്‌ളാദിച്ചുല്ലസിക്കുവാനും വേണ്ടി നിരവധി അസോസിയേഷനുകള്‍ ഏകദിന വിനോദയാത്ര സംഘടിപ്പിച്ച് കോച്ചുകളിലാണ് കുടുംബ സമേതം ഷെഫീല്‍ഡില്‍ എത്തിച്ചേര്‍ന്നത്.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വള്ളംകളി സംഘടിപ്പിക്കുവാന്‍ സാധിച്ചിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയ സാഹചര്യത്തില്‍ പൂര്‍വ്വാധികം ഭംഗിയോടെ വള്ളംകളി സംഘടിപ്പിക്കുവാനാണ് യുക്മ നേതൃത്വം ആലോചിക്കുന്നതെന്ന് കേരള പൂരം 2022 വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപത്തുള്ള മാന്‍വേഴ്‌സ് തടാകത്തിലാവും 'കേരളാ പൂരം 2022' വള്ളംകളി മത്സരങ്ങള്‍ നടത്തപ്പെടുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മറ്റ് ചില കേന്ദ്രങ്ങള്‍ കൂടി സംഘാടകസമിതി പരിഗണിച്ചുവെങ്കിലും ഏറ്റവും മനോഹരമായ കാഴ്ച്ചകളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏത് ഭാഗത്ത് നിന്നാലും മത്സരങ്ങള്‍ കാണുന്നതിനുള്ള സാഹചര്യവും ഈ വേദി തന്നെ നിലനിര്‍ത്തുവാനുള്ള തീരുമാനത്തിലേയ്ക്ക് സംഘാടകരെ എത്തിക്കുകയായിരുന്നു.

മാന്‍വേഴ്‌സ് തടാകവും അനുബന്ധ പാര്‍ക്കുമെല്ലാമായി പതിനായിരത്തോളും ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുണ്ട്. വള്ളംകളി മത്സരം നടത്തപ്പെടുന്ന തടാകത്തിന്റെ ഏത് ഭാഗത്ത് നിന്നാലും തടസ്സമില്ലാതെ മത്സരം വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രധാന സ്റ്റേജ്, ഭക്ഷണ ശാലകള്‍, മറ്റ് പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവ ചുറ്റുമുള്ള പുല്‍തകിടിയിലാവും ഒരുക്കുന്നത്. ഒരേ സ്ഥലത്ത് നിന്നു തന്നെ വള്ളംകളി മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും കാണുന്നതിനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ മൂവായിരത്തിലധികം കാറുകള്‍ക്കും, കോച്ചുകള്‍ക്ക് പ്രത്യേകവും പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ തരത്തിലും അവധിക്കാലത്ത് ഒരു ദിവസം മുഴുവനായി ആഹ്‌ളാദിക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് യുക്മ കേരളപൂരം വള്ളംകളി ദിവസം ഒരുക്കുന്നത്.


'യുക്മ കേരളപൂരം വള്ളംകളി 2022' കാണുന്നതിന് മുന്‍കൂട്ടി അവധി ബുക്ക് ചെയ്ത് വള്ളംകളിക്ക് എത്തിച്ചേരുവാന്‍ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അറിയിച്ചു.

യുക്മ കേരളപൂരം 2022 വള്ളംകളി സ്‌പോണ്‍സര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:


മനോജ് കുമാര്‍ പിള്ള: 07960357679,

അലക്‌സ് വര്‍ഗ്ഗീസ് : 07985641921

എബി സെബാസ്റ്റ്യന്‍ : 07702862186


വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

MANVERS LAKE,

STATION ROAD,

WATH UPON DEARNE,

S63 7DG.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions