ജനിച്ചു വളര്‍ന്ന നാട്ടിലല്ലാതെ ഒരു പ്രവാസി നാട്ടില്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് മഹാ വിസ്മയം തീര്‍ക്കുന്ന യുകെകെസിഎ കണ്‍വന്‍ഷനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ചാരുതയേകി കണ്‍വന്‍ഷന്റെ ആപ്തവാക്യം തെരെഞ്ഞെടുത്തു.
"ഒരുമയിലുണര്‍ന്ന് ജ്വലിച്ച്
കാത്തിടാം തനിമ തന്‍
ക്നാനായ പൈതൃകം"
കണ്‍വന്‍ഷന്‍ നടക്കുന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബ് ക്നായിത്തൊമ്മന്‍ നഗര്‍ ആയി മാറുമ്പോള്‍ എങ്ങും മുഖരിതമാവുന്ന ആപ്തവാക്യം നല്‍കിയത് യുകെകെസിഎയുടെ ബ്രിസ്റ്റോള്‍ യൂണിറ്റ് അംഗവും ഉഴവൂര്‍ സ്വദേശി അനില്‍ മംഗലത്തിന്റെ ഭാര്യയുമായ പ്രിയ അനില്‍ മംഗലത്താണ്.
എന്റെ സമുദായം, എന്റെ കണ്‍വന്‍ഷന്‍, എന്റെ സംഘടന എന്ന ചിന്തയുമായി 27 പേരാണ് ആവേശപൂര്‍വം, ആപ്ത വാക്യ രചനാ മത്സരത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും വനിതകളായിരുന്നു എന്ന് മാത്രമല്ല, രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തിയവരും വനിതകളായിരുന്നു എന്നതും പ്രത്യേകതയായി. കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ യൂണിറ്റിലെ സ്റ്റെലിമോള്‍ ഷിന്‍സണ്‍, ഇപ്സ്വിച്ച് യൂണിറ്റിലെ രശ്മി ജയിംസ് എന്നിവരുടെ ആപ്തവാക്യങ്ങള്‍ അവസാന റൗണ്ടു വരെ വിധികര്‍ത്താക്കളുടെ പരിഗണനയിലുണ്ടായിരുന്നു.
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങളായ ബിജി ജോര്‍ജ്ജ് മാം കൂട്ടത്തില്‍, ലുബി മാത്യൂസ് വെള്ളാപ്പളളില്‍, മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയില്‍, സിബി തോമസ് കണ്ടത്തില്‍, റ്റിജോ മറ്റത്തില്‍, എബി ജോണ്‍ കുടിലില്‍, സാജു ലൂക്കോസ് പാണ പറമ്പില്‍, സണ്ണി ജോസ്ഥ് രാഗമാളിക എന്നിവര്‍ കൃതഞ്ജത അറിയിച്ചു.