കാഠ്മണ്ഡു: നേപ്പാളില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 പേരുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലാക്കന്‍ നദിക്കരയില്‍ കണ്ടെത്തി. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാട്ടുകാരാണ് അറിയിച്ചിരിക്കുന്നത്. മൂന്ന് ക്രൂ അംഗങ്ങളും 19 യാത്രക്കാരും ഉള്‍പ്പെടെ 22 പേരാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ കൂടാതെ രണ്ട് ജര്‍മ്മന്‍കാരും 13 നേപ്പാള്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു . ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുര്‍ഘടമായ അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ വൈകുന്നതിനാല്‍ ആളപായം അറിവായിട്ടില്ല
മുംബൈ സ്വദേശികളായ നാല് പേരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അശോക് കുമാര്‍ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നീ നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ നാലുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരെന്നും വ്യക്തമായിട്ടുണ്ട്. താര എയറിന്റെ 9 എന്‍എഇടി വിമാനം ഞായറാഴ്ച്ച രാവിലെ 9.55നാണ് പൊഖ്റയില്‍ നിന്നും പറന്നുയര്‍ന്നത്. 15 മിനിറ്റിന് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷ്യമാവുകയായിരുന്നു.
വിമാനം തകര്‍ന്നത് കണ്ടെത്താനായത് പൈലറ്റിന്റെ ഫോണിന്റെ ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് ആണ്. വിമാനം പറത്തിയ ക്യാപ്റ്റന്‍ പ്രഭാകര്‍ ഗിമിറേയുടെ സെല്‍ ഫോണ്‍ ട്രാക്ക് ചെയ്തതിന് ശേഷമാണ് നേപ്പാള്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ അപകടസ്ഥലത്ത് ലാന്‍ഡ് ചെയ്തത്. 'കാണാതായ വിമാനത്തിന്റെ ക്യാപ്റ്റന്‍ ഗിമിറെയുടെ സെല്‍ ഫോണ്‍ റിംഗ് ചെയ്യുന്നു. നേപ്പാള്‍ ടെലികോമില്‍ നിന്ന് ക്യാപ്റ്റന്റെ ഫോണ്‍ ട്രാക്ക് ചെയ്തതിന് ശേഷം നേപ്പാള്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ അപകട സാധ്യതയുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്തു' എന്ന് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ജനറല്‍ മാനേജര്‍ പ്രേംനാഥ് ഠാക്കൂര്‍ അറിയിച്ചതായി നേപ്പാളിലെ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
വിനോദസഞ്ചാര നഗരമായ പൊഖ്റയില്‍ നിന്ന് ജോംസോമിലേക്ക് പറന്നുയരുന്നതിനിടെയാണ് വിമാനം കാണാതായത്. പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധവും നഷ്ടപ്പെട്ടു.