അസോസിയേഷന്‍

ലെസ്റ്റര്‍ കേരള സ്പോര്‍ട്സ് ഡേ ക്വീന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ വന്‍ വിജയം

ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി സംഘടിപ്പിച്ച ഫാമിലി സ്പോര്‍ട്സ് ഡേയും ക്വീന്‍ എലിസബത്ത് രാജവാഴ്ചയുടെ പ്ലാറ്റിനം ജൂബിലിയും ലെസ്റ്റര്‍ മലയാളി കുടുംബങ്ങളുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വന്‍വിജയമായി. കഴിഞ്ഞ ഒന്നരദശകത്തിലേറെയായി ലെസ്റ്ററിലെ സാമൂഹികസാംസ്ക്കാരിക സേവനയിടങ്ങളിലെ നിറസാന്നിധ്യമായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ കോവിഡാനന്തരം നടത്തുന്ന ആദ്യ കാര്യപരിപാടിയാണ് കായികമേള. മദര്‍ ഓഫ് ഗോഡ് പള്ളിയങ്കണത്തില്‍വെച്ചു മെയ് 28ന് രാവിലെ 9.30ന് ആരംഭിച്ച കായികമേളയും ഫുഡ് ഫെസ്റ്റിവലും വൈകിട്ട് 10 മണിവരെ നീണ്ടു നിന്നു.

കായികമേളയുടെ ഭാഗമാകാനെത്തിയവര്‍ക്കായി മലയാളിയുടെ നൊസ്റ്റാള്‍ജിക് രുചിക്കൂട്ടുകള്‍ നിറച്ച പൊതിച്ചോറുകളും, ചൂടു പൊറോട്ടയും ബീഫുകറിയും ദോശയും ചമ്മന്തിയും പഴംപൊരിയും ഉള്ളിവടയുമെല്ലാമെല്ലാം ലഭിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ കിടിലന്‍ തട്ടുകട ഒരുക്കിയാണ് ഈ വര്‍ഷത്തെ പരിപാടി സംഘാടകര്‍ ശ്രദ്ധേയമാക്കിയത്. ഷിബു തോമസ് ടോജോ ജോസഫ് , ടിറ്റി ജോണ്‍, പൗലോസുകുട്ടി സി മത്തായി , പി ജെ തോമസ്, തോംസണ്‍ ലാസര്‍ തുടങ്ങിയവരുള്‍പ്പെടുന്ന കമ്മിറ്റിയംഗങ്ങളും കമ്മ്യുണിറ്റി കുടുംബാംഗങ്ങളുമായ നിരവധിപേര്‍ പിന്തുണ നല്‍കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ രുചികരവും മേന്മയുള്ളതുമായി മാറുകയായിരുന്നു ഇക്കൊല്ലത്തെ കായികമേള. ലെസ്റ്റര്‍ കേരള കമ്മറ്റി ട്രെഷറര്‍ ബിനു ശ്രീധരന്‍, ബിജുപോള്‍, സോണി ജോര്‍ജ്, ലൂയിസ് കെന്നഡി, സുബിന്‍ സുഗുണന്‍, രഞ്ചു നായര്‍, ലിജോ ജോണ്‍ എന്നിവര്‍ എല്ലാക്കാര്യങ്ങളിലും മേല്‍നോട്ടം വഹിച്ചു.

അത്യുന്നതമായ രാജവാഴ്ചയുടെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന മഹിമാവതിയായ എലിസബത്തു രാജ്ഞിയുടെ സേവനങ്ങള്‍ക്ക് സ്നേഹാദരമര്‍പ്പിച്ചുകൊണ്ട് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ നേതൃത്തില്‍ സംഘടിപ്പിച്ച പ്ലാറ്റിനം ജൂബിലി ആഘോഷം മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയും, സീറോ മലബാര്‍ സഭയുടെ യു കെ ഭദ്രാസന മോണ്‍സിഞ്ഞോറുമായ ഫാ ജോര്‍ജ് ചേലക്കലിന്റെ കാര്‍മികത്വത്തില്‍ മധുരവിതരണം നടത്തിയാഘോഷിച്ചു. ജൂബിലിയാഘോഷത്തിന്റെ സന്ദേശം കമ്യൂണിറ്റിയംഗങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ അദ്ദേഹം ഒരു സമൂഹമെന്നനിലയില്‍ ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി നാം മാറേണ്ടത്തിന്റെയും ഒരുമിച്ചു നില്‍ക്കേണ്ടത്തിന്റെ പ്രാധാന്യവും ജനങ്ങളുമായി പങ്കുവെച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. യു കെയിലെ തന്നെ മലയാളി അസോസിയേഷനുകളില്‍ രാഞ്ജിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആദ്യത്തെ അസോസിയേഷനാണ് ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി. തല്‍ഫലമായി ലെസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ പ്രത്യേക പ്രശംസ പിടിച്ചു പറ്റാന്‍ ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിക്കു സാധിച്ചു.

കായികമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒട്ടേറെ മല്‍സരയിനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിരുന്നു. ഓട്ടം , തവള ചാട്ടം , ബോള്‍കിക്ക് , കസേര കളി , ഷോട്ട് പുട്ട് ത്രോ , വടം വലി , പഞ്ച ഗുസ്തിയടക്കം വാശിയേറിയ മത്സരങ്ങളായിരുന്നു അരങ്ങേറിയത് . മത്സരങ്ങള്‍ക്ക് രമേശ് ബാബു, ജെയിന്‍ ജോസഫ് ,അജയ് പെരുമ്പലത്തു, ബിജു മാത്യു, അഷിത വിനീത് ,സനിഷ് എന്നിവര്‍ നേതൃത്വം നല്‍കി. വാശിയേറിയ വടംവലി മത്സരങ്ങള്‍ക്കു അത്യന്തം ആവേശം ജനിപ്പിച്ചുകൊണ്ട് മാസ്മരിക കമന്ററിയും കൂടി ചേര്‍ന്നപ്പോള്‍ അത്യാവേശോജ്വലമായിത്തീര്‍ന്നു.

ഈ ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ കമ്മ്യുണിറ്റി അംഗങ്ങള്‍ക്കും, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങള്‍ക്കും ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ നന്ദിയും കടപ്പാടും പ്രസിഡന്റ് ജോസ് തോമസ് അറിയിച്ചു. അതോടൊപ്പം ജൂണ്‍ 25ന് നടക്കുന്ന എല്‍ കെ സി കാര്‍ണിവല്‍ എന്ന പേരില്‍ നടത്തുന്ന ഗാനമേളക്കും ഡി ജേ പാര്‍ട്ടിക്കും ഏവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .

കായിക മേളയുടെയും പരിപാടികളുടെയും വിജയത്തിനായി കമ്മിറ്റി അംഗങ്ങള്‍ അല്ലാത്ത നിരവധി പേര് സ്വയം മുന്‍പോട്ടു വന്നത് ഈ കൂട്ടായ്മയുടെ ഐക്യത്തിന്റെ ഉത്തമോദാഹരണമാണ്. കമ്മ്യൂണിറ്റിയോടുള്ള ഇവരുടെ ആത്മാര്‍ത്ഥ പ്രശംസനീയമാണെന്നും , മുഴുവന്‍ ആളുകളോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും വൈസ് പ്രസിഡന്റ് രമ്യ ലിനീഷും, ജോയിന്റ് സെക്രട്ടറി ജിതിന്‍ കെ വിജയനും അറിയിച്ചു. 'ഒരുമയാണ് പെരുമ' എന്ന എല്‍കെസിയുടെ ആപ്‌തവാക്യത്തെ അനുസ്മരിച്ചുകൊണ്ട് ഒരുമയുള്ള ഒരു സമൂഹമായി മുന്‍പോട്ടു പോകാമെന്നും വരും പരിപാടികളിലും നാളിതുവരെ നല്‍കിയ പിന്തുണയും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നുവെന്നും സെക്രട്ടറി അജീഷ് കൃഷ്ണന്‍ അറിയിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions