മാഞ്ചസ്റ്റര്‍: 'യുകെയിലെ മലയാറ്റൂര്‍' എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററില്‍ ഭാരത അപ്പസ്‌തോലന്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നാളെ മുതല്‍ തുടക്കമാകും. രാവിലെ 8.30ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടര്‍ന്ന് വൈകുന്നേരം 4.30ന് വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സിന്റെ സൂപ്പര്‍ മെഗാഷോയോട് കൂടി ആണ് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം ആവുക.
ലൈവ് ഓര്‍ക്കസ്ട്രയും കോമഡിയും അണിനിരക്കുന്ന സൂപ്പര്‍ മെഗാഷോ ആസ്വാദക ഹൃദയങ്ങളെ ആനന്ദ ലഹരിയില്‍ ആഴ്ത്തും. പിന്നണി ഗായകരായ സാംസണ്‍ സെല്‍വന്‍, അനൂപ് പാലാ, അഭിജിത്, അരാഫത് കടവില്‍ തുടങ്ങി ഒട്ടേറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്ക് മേമ്പൊടിയായി കോമഡിയും കൂട്ടിനെത്തുന്നതോടെ മികച്ച വിരുന്നാണ് ഏവരെയും കാത്തിരിക്കുന്നത്. പാട്ടുകള്‍ക്കൊപ്പം നൃത്തച്ചുവടുകളുമായി മിഷനിലെ യുവ പ്രതിഭകള്‍ വേദിയില്‍ എത്തിച്ചേരും. പരിപാടിക്കായുള്ള കലാകാരന്മാരെല്ലാവരും ഇക്കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ എത്തിച്ചേര്‍ന്നു.
ഫോറം സെന്ററിലേക്കുള്ള പ്രവേശനം വൈകുന്നേരം 3.30നു തന്നെ ആരംഭിക്കുമെന്നും കൃത്യം 4.30ന് പരിപാടികള്‍ ആരംഭിക്കുമെന്നും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു. ഭക്ഷണ കൗണ്ടറുകളും ഫോറം സെന്ററില്‍ പ്രവര്‍ത്തിക്കും. ഇവിടെനിന്നും നാടന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതാണ്. അന്നേദിവസം വില്‍ക്കപ്പെടുന്ന റാഫിള്‍ നറുക്കെടുപ്പിലെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍ ആയിരിക്കും.
ഞായറാഴ്ച 2.30ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന അത്യാഘോഷപൂര്‍വ്വമായ ദിവ്യബലി മദ്ധ്യേ മിഷനിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ദിവ്യബലിയിലും നോവേനയിലും പിതാവ് മുഖ്യ കാര്‍മ്മികനാവും.
പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ രണ്ടാം തിയതി രാവിലെ 10ന് നടക്കുന്ന സിറോ മലബാര്‍ സഭയുടെ അത്യാഘോഷപൂര്‍വ്വമായ റാസ കുര്‍ബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാര്‍മ്മികനാകും. ഷ്രൂസ്‌ബെറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനന്‍, ഫാ. നിക്ക് കേണ്‍, ഫാ.ജോണ്‍ പുളിന്താനത്ത്, ഫാ.ഡാനി മോളോപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. ദിവ്യബലിയെ തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. പൊന്‍ -വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസ സമൂഹത്തിന് ആത്മ നിര്‍വൃതിയാണ്. സെന്റ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിന്‍ഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജൂണ്‍ 25 മുതല്‍ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും ദിവ്യബലിയില്‍ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രത്യേക പ്രാതിനിധ്യം ഉണ്ടായിരിക്കും. 27നു തിങ്കളാഴ്ച വൈകുന്നേരം 6ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ മുഖ്യ കാര്‍മ്മികന്‍ ആകുമ്പോള്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ. ജോം കിഴക്കരക്കാട്ട് കാര്‍മ്മികനാകും,
29 ബുധനാഴ്ച വൈകുന്നേരം 6ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ.നിക്ക് കെണ്‍ കാര്‍മ്മികനാകും. ജൂണ്‍ 30 വ്യാഴാഴ്ച വൈകുന്നേരം 6നു നടക്കുന്ന ദിവ്യബലിയില്‍ ഫാ.ലൂയിസ് ചെറുവിള പുത്തന്‍വീട് കാര്‍മ്മികനാകുമ്പോള്‍ ജൂലൈ ഒന്നാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന്റെ ദിവ്യബലിക്ക് ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി കാര്‍മ്മികനാവും. ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ കാര്‍മ്മികനാവും. ഇതേത്തുടര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.
ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ വിപുലമായി നടത്തുന്നതിന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, ട്രസ്റ്റിമാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിന്‍സ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ്, ജോസ് ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം
ST.ANTONY'S CHURCH WYTHENSHAWE, DUNKERY ROAD, MANCHESTER, M22 0WR
പരിപാടി നടക്കുന്ന ഫോറം സെന്ററിന്റെ വിലാസം
Forum Centre, Simonsway, Wythenshawe, Manchester M22 5RX