പണക്കാര്‍ക്ക് പീഡിപ്പിക്കാനായി പെണ്‍കുട്ടികളെ വീഴ്ത്തി എത്തിച്ച് കൊടുത്ത ജെഫ്രി എപ്സ്റ്റീന്റെ കൂട്ടാളി ജിസെലിന്‍ മാക്‌സ്‌വെലിന് 20 വര്‍ഷത്തെ തടവ് ശിക്ഷ . മാന്‍ഹാട്ടണ്‍ ഫെഡറല്‍ കോടതിയാണ് 20 വര്‍ഷത്തെ ജയില്‍ശിക്ഷ സെക്‌സ് ട്രാഫിക്കിംഗ് നടത്തിയ മാക്‌സ്‌വെലിന് വിധിച്ചത്. ഫെഡറല്‍ പ്രിസണില്‍ പരോള്‍ ലഭിക്കില്ലെന്നതിനാല്‍ 20 വര്‍ഷം ഇവര്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരും
താന്‍ ലൈംഗിക പീഡനത്തിനായി വലയില്‍ വീഴ്ത്തി, മനുഷ്യക്കടത്തിന് വിധേയമാക്കിയ യുവതികള്‍ കോടതിയില്‍ തങ്ങള്‍ നേരിട്ട അക്രമങ്ങള്‍ വിവരിച്ചപ്പോള്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെ വിലങ്ങണിഞ്ഞ് കാപ്പി കുടിച്ചിരിക്കുകയായിരുന്നു ജിസെലിന്‍ മാക്‌സ്‌വെല്‍.
60-കാരിയായ മാക്‌സ്‌വെല്ലിനെ വിലങ്ങണിയിച്ചാണ് കോടതിയില്‍ എത്തിച്ചത്. ഇരകള്‍ കോടതിയില്‍ തങ്ങളുടെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍ മുഖത്ത് നോക്കാന്‍ പോലും ജിസെലിന്‍ തയാറായില്ല. ഇരകളില്‍ ഒരാളായ സാറാ റാന്‍സം തന്റെ അവസ്ഥ വിവരമിക്കുമ്പോള്‍ കരഞ്ഞ് പോയെങ്കിലും പ്രതി സുഖമായിരുന്ന് കാപ്പി കുടിച്ചു.
മറ്റൊരു ഇര ആനി ഫാര്‍മറും പ്രസ്താവന നടത്തുമ്പോള്‍ മാക്‌സ്‌വെല്‍ മുഖത്തേക്ക് നോക്കാന്‍ വിസമ്മതിച്ചു. വിധി പ്രസ്താവിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ജഡ്ജ് ആലിസണ്‍ നഥാന്‍ ആവശ്യപ്പെട്ടു. 20 വര്‍ഷത്തെ ജയില്‍ശിക്ഷ പ്രഖ്യാപിക്കുമ്പോഴും ഇവരുടെ മുഖത്ത് യാതൊരു വ്യത്യാസവും ഉണ്ടായില്ല.
'എപ്സ്റ്റീനൊപ്പം ചേര്‍ന്ന് മാക്‌സ്‌വെല്‍ ചെറുപ്പക്കാരികളായ ഇരകളെ തെരഞ്ഞുപിടിച്ചു. ഇവരുടെ ലൈംഗിക പീഡനങ്ങളില്‍ സഹായിയായി ഇവര്‍ സൗകര്യങ്ങളൊരുക്കി', ജഡ്ജ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ ശിക്ഷ ലഭിക്കുമെന്ന സന്ദേശമാണ് നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. 240 മാസം ജയില്‍ശിക്ഷയും, അഞ്ച് വര്‍ഷത്തെ സൂപ്പര്‍വൈസ്ഡ് റിലീസുമാണ് മാക്‌സ്‌വെല്ലിന് നല്‍കിയത്. കൂടാതെ 750,000 ഡോളര്‍ പിഴയും അടയ്ക്കണം.
കണക്ടികട് ഡാന്‍ബറിയിലെ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലേക്കാണ് ഇവരെ അയയ്ക്കുക.