തായ്‌പേയി: ചൈനീസ് ഭീഷണികള്‍ തള്ളി യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും തായ്‌വാനില്‍. പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് ഈ സന്ദര്‍ശനമെന്ന് തയ്‌വാനിലെത്തിയ പിന്നാലെ പെലോസി ട്വീറ്റ് ചെയ്തു.
തായ്‌വാനില്‍ ഇടപെട്ടാല്‍ അത് 'തീ കൊണ്ടുള്ള കളി' ആകുമെന്നു ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ചയും മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം, പെലോസിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധം ചൈന കടുപ്പിച്ചു. ഇതിന്റെ ഭാഗമായി തയ്‌വാന്‍ കടലിടുക്കിലെ അതിര്‍ത്തി വരെ ചൈനീസ് യുദ്ധവിമാനങ്ങള്‍ എത്തി പ്രകോപനം സൃഷ്ടിച്ചു. വിമാനവാഹിനിയായ യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍ ഉള്‍പ്പെടെ നാലു യുദ്ധക്കപ്പലുകള്‍ മേഖലയില്‍ വിന്യസിച്ചായിരുന്നു യു.എസിന്റെ ഇതിനുള്ള മറുപടി. യു.എസ്.എസ്. ആന്റിയെറ്റാം, യു.എസ്.എസ്. ഹിഗിന്‍സ്, യു.എസ്.എസ്. ട്രിപ്പൊളി എന്നിവയാണു മറ്റു കപ്പലുകള്‍.
നാന്‍സിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വന്‍ സുരക്ഷയാണ് തായ്‌പേയ് വിമാനത്താവളത്തില്‍ ഒരുക്കിയത്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് നാന്‍സി പെലോസി. തയ്‌വാന്‍ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ക്ക് അവകാശമുണ്ടെന്ന് വൈറ്റ്ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമാണ് തന്റെ സന്ദര്‍ശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാന്‍സി പെലോസി തായ്‌വാനില്‍ ഇറങ്ങിയ ശേഷം പ്രസ്താവനയില്‍ അറിയിച്ചു. തയ്‌വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നാണ് യു.എസിന്റെ നിലപാട്.