റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ തന്റെ ബോഡി ഡബിളിനെ ഉപയോഗിക്കുന്നതായുള്ള വാദങ്ങള്‍ ആവര്‍ത്തിച്ച് യുക്രൈന്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി. വര്‍ഷങ്ങള്‍ക്കിടെ പുടിന്റെ ചെവികള്‍ക്ക് വന്നിട്ടുള്ള മാറ്റങ്ങളാണ് ഇതിന് തെളിവായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
യുക്രൈന്‍ അധിനിവേശം കൂടിയായതോടെ 69-കാരനായ റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച് കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് അരങ്ങേറുന്നത്. പുടിന്റെ അടുത്ത സഹായി നിക്കോളായ് പാത്രുഷേവാണ് മെഡിക്കല്‍ പരിശോധനകളില്‍ പകരക്കാരനായി എത്തിയതെന്നാണ് പറയപ്പെടുന്നത്.
ഈയടുത്ത കാലത്തായി പ്രസിഡന്റിന്റെ ചെവിക്ക് സംഭവിച്ച മാറ്റങ്ങളും, ഉയരവ്യത്യാസങ്ങളുമാണ് തന്റെ ആരോപണങ്ങളെ സാധൂകരിക്കാന്‍ ഉക്രെയിന്റെ മേജര്‍ ജനറല്‍ കൈറിലോ ബുഡാനോവ് തെളിവായി കാണിക്കുന്നത്. 'ചെവികളുടെ ചിത്രം നോക്കാം. ഇത് വിരലടയാളം പോലെയാണ്, ഓരോ വ്യക്തിക്കും സവിശേഷമായത്. ഇത് ആവര്‍ത്തിക്കാന്‍ കഴിയില്ല', ഒരു ടിവി ചര്‍ച്ചയില്‍ ജനറല്‍ കൈറിലോ വ്യക്തമാക്കി.
കൂടാതെ പുടിന്റെ ബോഡി ഡബിളുകള്‍ക്ക് വ്യത്യസ്തമായ ശീലങ്ങളും, ചേഷ്ടകളും, ചിലര്‍ക്ക് വ്യത്യസ്തമായ ഉയരങ്ങളുമാണെന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് ജനറല്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം തെഹ്‌റാനില്‍ ഒറിജിനല്‍ പുടിന് പകരം ബോഡി ഡബിളാണ് എത്തിയതെന്ന് ഇദ്ദേഹം നേരത്തെ വാദിച്ചിരുന്നു.
ടെഹ്‌റാനില്‍ പുടിന്റെ നടപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നതായിരുന്നു. വിമാനത്തിന്റെ പടികള്‍ ഇറങ്ങുന്നതില്‍ പോലും എന്തോ പ്രശ്‌നം അനുഭവപ്പെട്ടതിന് പുറമെ സാധാരണയില്‍ കവിഞ്ഞ വേഗതയിലായിരുന്നു നടത്തമെന്ന് യുക്രൈന്‍ സ്രോതസുകളും വ്യക്തമാക്കിയിരുന്നു.