ന്യൂയോര്‍ക്ക്: ഇസ്ലാമിക ഭീകരന്റെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സംസാരിക്കുന്നുണ്ടെന്നും സല്‍മാന്‍ റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വെയ്ലി അറിയിച്ചു.
എന്നാല്‍ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെള്ളിയാഴ്ച പ്രസംഗിക്കാനെത്തിയപ്പോഴാണ് റുഷ്ദിക്ക് നേരെ വധശ്രമമുണ്ടായത്. ഇസ്ലാമിക ഭീകരന്‍ ഹാദി മേതര്‍ ആണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചത്. പ്രതി ന്യൂയോര്‍ക്കിലെ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ കൊലപാതക ശ്രമത്തിനും ആക്രമണം നടത്തിയതിനും ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്ത് ന്യൂജഴ്‌സിയിലെ ഫെയര്‍വ്യൂവിലെ ജാമ്യമില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഷൗതൗക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രസംഗിക്കാനെത്തിയപ്പോഴാണ് സംഭവം. റുഷ്ദിയെ വേദിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ ഒരാള്‍ പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനാണ് പരിക്കേറ്റത്. റുഷ്ദി നിലത്തുവീണശേഷമാണ് അക്രമി പിന്‍വാങ്ങിയത്.
റുഷ്ദിക്കെതിരെയുണ്ടായ ആക്രമണത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകം. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍, സാത്താനിക് വേര്‍സസ് എന്നീ കൃതികളിലൂടെയാണ് റുഷ്ദി ലോകപ്രശസ്തനാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു നോവലിന്റെ ഇതിവൃത്തം.
1988ല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ മുന്‍നിര്‍ത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, 'ദ സാത്താനിക് വേഴ്‌സസ്' നിരവധി വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. പുസ്തകത്തിന് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ പുസ്തകം നിരോധനം ഏര്‍പ്പെടുത്തി. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനി റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്നു മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികള്‍ ഉയര്‍ന്നത്. പിന്നീട് സ്വയരക്ഷയ്ക്കായി അദ്ദേഹം പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ശേഷം 2004ല്‍ ഇറാന്‍ ഫത്വ പിന്‍വലിച്ചതോടെയാണ് പൊതുവേദികളില്‍ സജീവമായത്. മുംബൈയില്‍ ജനിച്ച സല്‍മാന്‍ റുഷ്ദി നിലവില്‍ ബ്രിട്ടീഷ് പൗരനാണ്.