ഹരിവരാസന രചനയുടെ നൂറുവര്‍ഷം തികയുന്നത്തിന്റെ ഭാഗമായി ശതാബ്‌ദി ആഘോഷങ്ങള്‍ വിപുലമായി നടത്തുവാന്‍ തയ്യാറെടുക്കുകയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി. 'ഹരിവരാസന'ത്തിന്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുന്ന ആഘോഷത്തിന് ലണ്ടനില്‍ ഡിസംബര്‍ 24 ന് ദീപം തെളിയുകയാണ്. മറ്റ് ആഘോഷ പരിപാടികള്‍ക്ക് പുറമെ നൂറ്റിയൊന്ന് പേരുടെ സമൂഹ ഹരിവരാസന കീര്‍ത്തനാലാപനം ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്.
1923ല്‍ കൊന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീര്‍ത്തനം രചിച്ചത്. 1923 ലാണ് എഴുതിയെങ്കിലും 1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന സിനിമയിലൂടെ ആണ് ഹരിവരാസനം പ്രസിദ്ധി നേടിയത്. 1950 കളുടെ തുടക്കം മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്ന ദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ഹരിവരാസനം ആലപിച്ചുവരുന്നതായും, അയ്യപ്പധര്‍മ്മം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്വാമി വിമോചനാനന്ദയുടെ അഭ്യര്‍ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്നും പറയപ്പെടുന്നു.
മണ്ഡലകാല സമാപനത്തോട് അനുബന്ധിച് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പ ഭജനയും, മുരളി അയ്യരുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും, പിന്നീട് നൂറ്റിയൊന്ന് പേര്‍ ചേര്‍ന്ന് ആലപിക്കുന്ന ഹരിവരാസനത്തോട് കൂടിയുള്ള ദീപാരാധനയും ഡിസംബര്‍ 24ന് ക്രോയ്‌ഡോണ്‍ വെസ്റ്റ് തോണ്‍ട്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പുന്നത് വര്‍ഷങ്ങളായി LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്.
ശ്രീ ഗുരുവായൂരപ്പന്റെയും ശ്രീ ധര്മശാസ്താവിന്റെയും ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ ഭക്തജനങ്ങളെയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തു.