ലോകം കോവിഡിന്റെ പുതിയ തരംഗ ഭീഷണിയില്‍ നില്‍ക്കെ ചൈനയില്‍ നിന്നും ഇറ്റലിയിലെ മിലാനിലെത്തിയ രണ്ട് വിമാനങ്ങളിലേയും പകുതിയോളം യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ടു വിമാനങ്ങളിലെ പകുതിയിലേറെ യാത്രക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ നിര്‍ബന്ധിത രോഗ പരിശോധന ഇറ്റലി തിരികെ കൊണ്ടുവരികയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 62 യാത്രക്കാരുണ്ടായിരുന്ന ആദ്യ വിമാനത്തിലെ 35 പേരും 120 യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ വിമാനത്തിലെ 62 പേരും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ചൈനയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് -19 ആന്റിജെനിക് സ്വാബുകളും അതുമായി ബന്ധപ്പെട്ട വൈറസ് ശ്രേണീകരണവും നിര്‍ബന്ധമാക്കിയതായി ഇറ്റാലിയന്‍ ആരോഗ്യകാര്യമന്ത്രി ഒറാസിയോ ഷിലാസി പ്രഖ്യാപിച്ചു.
വിദേശത്തുനിന്നും ചൈനയിലെത്തുന്നവര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ ജനുവരി 8 മുതല്‍ നിര്‍ത്തലാക്കുകയാണ്. വിദേശ യാത്രകള്‍ക്ക് തിരക്ക് കൂട്ടുകയാണ് ചൈനാക്കാര്‍. ആവശ്യക്കാര്‍ ഏറിയതോടെ അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെ നിരക്കുകളും കുതിച്ചു.
ഇതോടെ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ചൈനക്ക് പുറമെ ജപ്പാന്‍ മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും കോവിഡ് പരിശോധന അമേരിക്ക നിര്‍ബന്ധമാക്കും. അതുപോലെ തായ്വാനും ചൈനീസ് മെയിന്‍ ലാന്‍ഡില്‍ നിന്നുമെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.