അന്തരിച്ച മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ ഭൗതീകശരീരം മൂന്ന് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ കിടത്തും. ഒരു ലക്ഷം വിശ്വാസികളെങ്കിലും അവസാനമായി ഒരുനോക്കു കാണുവാന്‍ എത്തും. ബസലിക്കയില്‍ ലൈയിംഗ് ഇന്‍ ദി സ്റ്റേറ്റില്‍ കിടത്തുന്ന ഭൗതീകശരീരം കാണാന്‍ പ്രതിദിനം 30,000 പേര്‍ക്കാണ് അനുമതിയുള്ളത്. ഇതിന് ശേഷം വ്യാഴാഴ്ച പോപ്പ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ലളിതമായ സംസ്‌കാരച്ചടങ്ങുകള്‍ നടത്തും.
ബിഷപ്പിന്റെ തലപ്പാവും, വസ്ത്രവും, ചുവപ്പ് മേലാടയും അണിയിച്ച ഭൗതീകശരീരത്തില്‍, കൈകളില്‍ റോസറിയും വെച്ചിട്ടുണ്ട്. പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരവും ലളിതമായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. മുന്‍ പോപ്പിന്റെ ആഗ്രഹപ്രകാരമാണിത്. നിരവധി ലോകനേതാക്കള്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ചാള്‍സ് രാജാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ദുഃഖം അറിയിച്ച് കത്തയച്ചിരുന്നു.
ശനിയാഴ്ച രാവിലെ 9.34-ന് മാറ്റര്‍ എക്ലെസിയെ സെമിനാരിയില്‍ അന്തരിച്ച മുന്‍ പോപ്പിന് വിടനല്‍കാനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വന്‍തോതില്‍ വിശ്വാസിസമൂഹം എത്തിച്ചേര്‍ന്നിരുന്നു. യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.
എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന് അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു.
ആറു നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം ചെയ്തത്. രാഷ്ട്രീയത്തില്‍ കൈകടത്താതെ ആത്‌മീയതയില്‍ അടിയുറച്ചു നിന്ന് എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം. മരണം വരെ അധികാരവും കസേരയും വിട്ടു കൊടുക്കാത്ത ആത്മീയ- ഭൗതിക മേധാവികള്‍ അരങ്ങുവാഴുന്ന ഈ ലോകത്തു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗവും ജീവിതവും എന്നെന്നും ഓര്‍മ്മിക്കപ്പെടും.