തെക്കന്‍ സ്‌പെയിനില്‍ രണ്ട് പള്ളികള്‍ക്ക് നേരെ അക്രമണം. അക്രമത്തില്‍ ഒരു പള്ളിയിലെ കപ്യാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരു പുരോഹിതന് ഗുരുതരമായി പരുക്കേറ്റു. പള്ളികളില്‍ അതിക്രമിച്ച് കടന്ന വടിവാളുമായി എത്തിയ തീവ്രവാദിയാണ് അക്രമം അഴിച്ചുവിട്ടതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രോസിക്യൂട്ടര്‍മാര്‍ തീവ്രവാദ അന്വേഷണത്തിന് തുടക്കമിട്ടു. സ്‌പെയിനിലെ തെക്കന്‍ ആന്‍ഡലൂഷ്യ മേഖലയിലെ തുറമുഖ നഗരമായ അള്‍ജേസിരാസിലാണ് അക്രമം നടന്നത്.
'വൈകുന്നേരം ഏഴ് മണിയോടെയാണ് ഒരു പുരുഷന്‍ അള്‍ജേസിരാസിലെ സാന്‍ ഐസിഡ്രോ പള്ളിയില്‍ വടിവാളുമായി എത്തുകയും പുരോഹിതന് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു', ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇതിന് ശേഷം ന്യൂസ്ട്രാ സെനോറാ ഡെ ലാ പാമാ പള്ളിയിലെത്തിയ അക്രമി ഇവിടെ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുകയും, കപ്യാരെ അക്രമിക്കുകയും ചെയ്തു. പള്ളിയില്‍ നിന്നും പുറത്തേക്ക് ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു, മന്ത്രാലയം പറഞ്ഞു. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പോലീസ് നിരായുധനാക്കിയ ശേഷം അറസ്റ്റ് ചെയ്തു. നിലവില്‍ ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ട് പള്ളികളും നിരവധി മീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പിന്നീട് പുരോഹിതന് മാത്രമാണ് പരുക്കേറ്റതെന്ന് അറിയിച്ചു.