ലോകത്തെ ഞെട്ടിച്ചു വീണ്ടും കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് പൈശാചികമായി കൊലപ്പെടുത്തി. അഞ്ച് പോലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരനായ യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്. അപകടകരമായ ഡ്രൈവിംഗില്‍ ഏര്‍പ്പെടുന്നവരെ തടയാനുള്ള ട്രാഫിക് സ്റ്റോപ്പിന് ശേഷമാണ് ടയര്‍ നിക്കോള്‍സെന്ന 29-കാരനു ദാരുണമായി മര്‍ദ്ദനമേറ്റത്. മെംഫിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവങ്ങളുടെ ബോഡിക്യാം ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ജനുവരി 7-ന് നടന്ന ക്രൂരമായ മര്‍ദ്ദനം നേരിട്ട നിക്കോള്‍സ് അമ്മയെ വിളിച്ച് കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം. യുവാവിന്റെ വീട്ടില്‍ നിന്നും ഏതാനും ബ്ലോക്കുകള്‍ മാത്രം അകലെയാണ് സംഭവം അരങ്ങേറിയത്. നിലത്തുവീണ് കിടന്ന നിക്കോള്‍സിനെ ഓഫീസര്‍മാര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിക്കുകയും, തലയില്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തതിന് പുറമെ മെറ്റല്‍ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്‌തെന്ന് വീഡിയോയില്‍ വ്യക്തമായി.
അഞ്ച് മിനിറ്റോളം നീണ്ടുനിന്ന അക്രമത്തിനിടെ ഒന്‍പത് തവണയെങ്കിലും പോലീസുകാര്‍ ചവിട്ടി. പാരാമെഡിക്കുകള്‍ എത്തിച്ചേര്‍ന്നെങ്കിലും സാരമായി പരുക്കേറ്റ നിക്കോള്‍സ് അരമണിക്കൂറോളം കൈവിലങ്ങില്‍ യാതൊരു മെഡിക്കല്‍ പരിചരണവും ലഭിക്കാതെ നടപ്പാതയില്‍ കിടക്കേണ്ടി വന്നു. ഒടുവില്‍ നിക്കോള്‍സിനെ തേടി മരണവും എത്തി. ആശുപത്രിയിലെത്തിച്ച് മൂന്നാം ദിവസമായിരുന്നു മരണം.
ഇപ്പോള്‍ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ച് പോലീസുകാര്‍ക്കും എതിരെ സെക്കന്‍ഡ്-ഡിഗ്രി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എല്ലാവരും ഉത്തരവാദികളാണെന്ന് ഡിസ്ട്രിക്ട് അറ്റോണി വ്യക്തമാക്കി. അതിക്രൂരമായ മര്‍ദ്ദനങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ പോലീസിന് പ്രതിഷേധക്കാരുടെ രോഷാഗ്നിനേരിടേണ്ട ഗതിയാണ്.
കാപിറ്റോള്‍ ഹില്‍ മുതല്‍ ലോസാഞ്ചലസിലും, ന്യൂയോര്‍ക്കിലും പോലീസ് ജാഗ്രതയിലാണ്. ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെംപ് നാഷണല്‍ ഗാര്‍ഡ് ആക്ടിവേറ്റ് ചെയ്യുകയും, അറ്റ്‌ലാന്റയില്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുകയും ചെയ്തു.
2020ല്‍ ജോര്‍ജ് ഫ്ലോയിഡ് എന്നയാളെ റോഡില്‍ വച്ച് കഴുത്തില്‍ മുട്ടുവച്ചു
അമര്‍ത്തി കൊലപ്പെടുത്തിയ പോലീസ് ക്രൂരത ലോകമെങ്ങും വലിയ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. സമാനമായ ക്രൂരതയാണ് വീണ്ടും നടന്നിരിക്കുന്നത്.