എയ്ല്‍സ്‌ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന ആറാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസ തീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരാറുള്ളത്. രൂപതയിലെ ലണ്ടന്‍ റീജിയന്റെ കീഴിലുള്ള മിഷനുകളുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഇംഗ്‌ളണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമാണ് എയ്ല്‍സ്‌ഫോര്‍ഡ് പ്രയറി. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നല്‍കിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ല്‍സ്‌ഫോര്‍ഡ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി അഭേദ്യം ബന്ധപെട്ടു നില്‍ക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയില്‍ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
മെയ് 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ കര്‍മ്മലമാതാവിനെയും സംവഹിച്ചുകൊണ്ടുള്ള കൊന്തപ്രദിക്ഷണം, ഉച്ചക്ക് 1.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, തുടര്‍ന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം എന്നിവ നടക്കും. എയ്ല്‍സ്‌ഫോഡില്‍ തീര്‍ത്ഥാടകരായി എത്തിച്ചേരുന്ന എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും നല്‍കിവരുന്നു.
തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തിരുനാള്‍ പ്രസുദേന്തിയാകുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി കാറുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയില്‍ വച്ച് നടക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി തീര്‍ത്ഥാടനത്തിന്റെ ചീഫ് കോഓര്‍ഡിനേറ്റര്‍ ഫാ.ടോമി എടാട്ട് അറിയിച്ചു.
Addres of the Venue: The Friars, Aylesford, Kent, ME20 7BX