ലണ്ടന്‍ ബോറോ ഓഫ് എന്‍ഫീല്‍ഡ് യൂത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് അഭിമാന വിജയം. മൂവാറ്റുപുഴക്കാരന്‍ ഡാരന്‍ പ്രിന്‍സ് പോളാണ് ലണ്ടന്‍ ബോറോ ഓഫ് എന്‍ഫീല്‍ഡ് യൂത്ത് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 32 പ്രഗത്ഭരായ മത്സരാര്‍ഥികളില്‍ നിന്നും വലിയ ഭൂരിയപക്ഷത്തോടെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട 20 കൗണ്‍സിലര്‍മാര്‍ക്ക് ഒന്നിച്ചു കൂടുവാനും, പരസ്പരം പരിചയപ്പെടുത്തുന്നതിനും, ആശയങ്ങളും, ലക്ഷ്യങ്ങളും, പദ്ധതികളും പ്രകടിപ്പിക്കുവാനും കിട്ടിയ വേദിയാണ് ഡാരന്‍ തനിക്കു അനുകൂലമാക്കിയത്.
ഡാരന്‍ മുന്നോട്ടു വെച്ച തന്റെ പ്രകടനപത്രികയിലൂടെ യുവജനത നേരിടുന്ന പ്രശ്‌നങ്ങളും, പ്രതിസന്ധികളും,സുരക്ഷാ വീഴ്ചകളും വ്യക്തതയോടെ അവതരിപ്പിക്കുകയും, അതിനുള്ള കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുകയായിരുന്നു. തന്നിലുള്ള മികച്ച വാഗ്മി, ദീര്‍ഗ്ഗ വീക്ഷണം, സാമൂഹിക പ്രതിബന്ധത, നേതൃത്വ പാഠവം എന്നിവ സദസ്സില്‍ പ്രതിഫലിപ്പിക്കുവാനും, കായിക-വിദ്യാഭ്യാസ, കലാ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ നിരത്തിവെക്കുവാനും തനിക്കു ലഭിച്ച ഹൃസ്വ സമയത്തിനുള്ളില്‍ ഏവരുടെയും ശ്രദ്ധപിടിച്ചു നേടുവാനും, അവര്‍ക്കു പ്രചോദനമാകുവാനും കഴിഞ്ഞ ഡാരന്‍ പോളിന് മേയര്‍ പദവി 'ഈസി വാക്കോവര്‍' ആവുകയായിരുന്നു.
ഡാരന്‍ പ്രിന്‍സ് പോള്‍ ഇനി എന്‍ഫീല്‍ഡിലും പരിസരത്തുമായി വസിക്കുന്ന പതിനൊന്നിനും, പതിനേഴിനും ഇടയില്‍ പ്രായമുള്ള ആയിരക്കണക്കിന് വരുന്ന യുവജനതയെ പ്രതിനിധീകരിച്ച് അവരുടെ ആരോഗ്യ-സുരക്ഷ-മാനസ്സിക-ക്ഷേമ മേഖലകളില്‍ ആവശ്യമായ സേവനങ്ങള്‍ സംജാതമാക്കുക, യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുക, പ്രാദേശിക വിഷയങ്ങളില്‍ കൗണ്‍സില്‍ എടുക്കുന്ന നയങ്ങളെയും, പ്രധാന തീരുമാനങ്ങളെയും ക്രിയാത്മകമായി സ്വാധീനിക്കുക, സമൂഹത്തില്‍ യുവജനതക്കായി ശബ്ദിക്കുക, കൗണ്‌സിലമാരുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക അടക്കം ഇനി യൂത്ത് മേയര്‍ എന്ന പദവിയില്‍ ഡാരന്‍ പ്രിന്‍സ് എന്‍ഫീല്‍ഡ് ബോറോയിലെ യുവാക്കള്‍ക്കിടയില്‍ മുഖ്യ നേതൃത്വം വഹിക്കും.
എന്‍ഫീല്‍ഡിലെ യുവാക്കളുടെ താല്‍പ്പര്യങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിലും, എന്‍ഫീല്‍ഡ് നിവാസികള്‍ക്കിടയിലും, NHS പോലുള്ള പൊതു സേവനമേഖലകളിലും ഇനി യുവജനതയെ പ്രതിനിധീകരിക്കുക ഈ മിടുക്കനായിരിക്കും. കൗണ്‍സില്‍ അസംബ്ലിയിലെ എല്ലാ പ്ലാനിങ്, അഡ്മിനിസ്ട്രേറ്റീവ് മേഖലകളിലും ഡാരന്‍ പങ്കെടുക്കും. പ്രാദേശിക യൂത്ത് ബജറ്റ് തയ്യാറാക്കുവാന്‍ സഹായിക്കുക, ചില സുപ്രധാന പരിപാടികളില്‍ മേയര്‍ക്കൊപ്പം പങ്കു ചേരുക, ഫുള്‍ കൗണ്‍സില്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുക, പ്രാദേശികമായി തിരഞ്ഞെടുക്കുന്ന നല്ല ചാരിറ്റി പ്രവര്‍ത്തനത്തില്‍ നേതൃത്വം വഹിക്കുക എന്നിവ ഉത്തരവാദിത്വങ്ങളില്‍ പെടും. വോട്ടിങ് അധികാരം ഉണ്ടായിരിക്കില്ല.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, ആല്മീയ കാര്യങ്ങളിലും സജീവമാണ് ഡാരന്‍. ലണ്ടന്‍ എന്‍ഫീല്‍ഡ് ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ടീം, ലിമിറ്റ്ലെസ് ഫുട്ബോള്‍ അക്കാദമി തുടങ്ങിയ ടീമുകളിലെ മികച്ച കളിക്കാരനും, താന്‍ പഠിക്കുന്ന ലാറ്റിമേര്‍ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റനും, തായ്ക്വോണ്ടോ ബ്‌ളാക്ക് ബെല്‍റ്റ് ജേതാവുമാണ്. ഈ ചെറുപ്രായത്തില്‍ത്തന്നെ തായ്ക്വോണ്ടോ മത്സരങ്ങളിലെ നാഷണല്‍ അംഗീകൃത റഫറിയാണെന്നുള്ളതും ശ്രദ്ധേയമാണ്. കൊച്ചുകുട്ടികള്‍ക്ക് തായ്ക്വോണ്ടോയിലും ഫുട്ബോളിലും പരിശീലനം നല്‍കുവാനും ഡാരന്‍ സമയം കണ്ടെത്താറുണ്ട്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പ്രസംഗത്തിനു നാഷണല്‍ ലെവല്‍ മത്സരത്തില്‍ പലതവണയും പങ്കെടുത്തിട്ടുള്ള മിടുക്കന്‍ വാല്‍ത്താംസ്റ്റോ ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ സജീവമായി പങ്കെടുക്കാറുണ്ട്.
ഡാരന്റെ 10 വയസ്സുള്ള സഹോദരന്‍ അഡ്രിയാന്‍ പോള്‍ ഹസ്റ്റ് ഡ്രൈവ് പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബാങ്കിങ് മേഖലയില്‍ അസോസിയേറ്റ് ഡയറക്ടറായ പ്രിന്‍സ് പോളിന്റെയും, ക്ലിനിക്കല്‍ സര്‍വീസ് മേധാവിയായ ജോമോള്‍ പോളിന്റെയും മകനാണ് ഡാരന്‍. പ്രിന്‍സ് പോള്‍ മൂവാറ്റുപുഴ, ആനിക്കാട്ട് , വടക്കുംപാടം കുടുംബാംഗമാണ്. നോര്‍ത്ത് ലണ്ടനില്‍, എന്‍ഫീല്‍ഡിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.