യുക്രൈനിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രൈനിലെ കുട്ടികളെ വീടുകളില്‍ നിന്നും തട്ടിക്കൊണ്ടുപോയി, റഷ്യയിലേക്ക് നാടുകടത്തി റഷ്യന്‍ കുടുംബങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ഐസിസി റഷ്യന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ് നല്‍കിയത്.
ഇതേ കുറ്റത്തിന് റഷ്യയിലെ ചില്‍ഡ്രന്‍സ് റൈറ്റ്‌സ് കമ്മീഷണര്‍ മരിയാ അലെക്‌സെയെവ്‌നാ ലോവാ ബെലാവോയെ അറസ്റ്റ് ചെയ്യാന്‍ കോടതി നേരത്തെ വാറണ്ട് ഇറക്കിയിരുന്നു. പുടിന് എതിരെ ഇത്തരമൊരു അറസ്റ്റ് വാറണ്ട് ഇറക്കാനുള്ള കോടതിയുടെ തീരുമാനത്തിനെതിരെ റഷ്യ രൂക്ഷമായാണ് പ്രതികരിച്ചത്. ഉത്തരവ് അന്യായവും, അസ്വീകാര്യവുമാണെന്ന് റഷ്യ വ്യക്തമാക്കി. എന്നാല്‍ നീതിയുടെ ചക്രങ്ങള്‍ തിരിഞ്ഞ് തുടങ്ങിയെന്ന് അവകാശപ്പെട്ട് യുക്രൈന്‍ തീരുമാനത്തെ പ്രശംസിച്ചു.
ഐസിസിയുടെ ഏത് തരത്തിലുള്ള തീരുമാനവും റഷ്യയെ സംബന്ധിച്ച് നിയമസാധുതയില്ലാത്തതാണെന്ന് ക്രെംലിന്‍ വ്യക്തമാക്കി. മോസ്‌കോ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിയമാധികാരം അംഗീകരിക്കുന്നില്ല. യുക്രൈനിലെ വീടുകളില്‍ നിന്നും, അനാഥാലയങ്ങളില്‍ നിന്നും ആയിരക്കണക്കിന് കുട്ടികളെ റഷ്യ തട്ടിക്കൊണ്ടുപോയതായി ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ വാദിക്കുന്നു. ഇവരെ റഷ്യന്‍ ഫെഡറേഷനില്‍ ദത്തെടുക്കാനായി നല്‍കിയെന്നും ഖാന്‍ പറയുന്നു.
കോടതിയുടെ അറസ്റ്റ് വാറണ്ട് ചരിത്രപരമായ തീരുമാനമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പ്രശംസിച്ചു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ജെയിംസ് ക്ലെവെര്‍വി ഐസിസി തീരുമാനം സ്വാഗതം ചെയ്തു. യുക്രൈനിലെ ഭീകരമായ യുദ്ധ കുറ്റകൃത്യങ്ങളില്‍ വ്‌ളാദിമര്‍ പുടിന്‍ ഉള്‍പ്പെടെ ഉന്നത റഷ്യന്‍ നേതാക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.