നീലച്ചിത്ര താരത്തിനൊപ്പം കിടക്ക പങ്കിട്ട വിഷയത്തില്‍ അറസ്റ്റും നിയമ നടപടിയും മുന്നില്‍ നില്‍ക്കെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം നിലയുറപ്പിച്ച് ഭാര്യ മെലാനിയ. ഭര്‍ത്താവിന് എതിരായ കേസ് രോഷം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ട്രംപിന് പിന്നില്‍ ശക്തമായി നില്‍ക്കാനാണ് മെലാനിയയുടെ തീരുമാനമെന്ന് ഇവരുമായി അടുപ്പമുള്ള സ്രോതസ്സുകള്‍ വ്യക്തമാക്കി.
'മിസിസ് ട്രംപ് ശക്തമായി നിലകൊള്ളുകയാണ്. അവര്‍ കുടുംബത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നത്തേയും പോലെ ഭര്‍ത്താവിന് പിന്നില്‍ ശക്തമായി നിലയുറപ്പിക്കുന്നു', സ്രോതസ് വെളിപ്പെടുത്തി. കഴിഞ്ഞ 7 വര്‍ഷമായി ഇടത് പക്ഷം ട്രംപിന് നേരെ നടത്തിയ വിവിധ നാണംകെടുത്തല്‍ പരിപാടികളില്‍ ഒന്നാണ് ഇതെന്ന് മെലാനിയ കരുതുന്നു. ട്രംപിനെ വലിച്ച് താഴെയിടാനുള്ള ശ്രമമായാണ് ഭാര്യ ഇതിനെ കാണുന്നത്.
ഡാനിയേല്‍സുമായുള്ള വിവാഹേതര ബന്ധം ആദ്യം പുറത്തുവന്നപ്പോള്‍ മെലാനിയ ട്രംപ് രോഷാകുലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതിയില്‍ മാറ്റം വന്നതായാണ് റിപ്പോര്‍ട്ട്. നീലച്ചിത്ര താരവുമായി ബന്ധം പുലര്‍ത്തിയെന്ന ആരോപണം ട്രംപ് നിഷേധിക്കുകയാണ്. കൂടാതെ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും മുന്‍ പ്രസിഡന്റ് ആവര്‍ത്തിക്കുന്നു.
പിതാവില്‍ നിന്നും അകന്ന് നില്‍ക്കുന്ന മകള്‍ ഇവാങ്ക ട്രംപും ഇദ്ദേഹത്തിന് പിന്തുണ നല്‍കുന്നുണ്ട്. ചൊവ്വാഴ്ച 76-കാരനായ ഡൊണാള്‍ഡ് ട്രംപ് മാന്‍ഹാട്ടണില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് എതിരായ കുറ്റങ്ങള്‍ വ്യക്തമായിട്ടില്ലെങ്കിലും 30-ലേറെ കുറ്റങ്ങള്‍ ചുമത്തുമെന്നാണ് സൂചന.