ജൂണ്‍ 23,24,25 തീയതികളില്‍ വെയില്‍സിലുള്ള കഫന്‍ലീ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി യുകെയിലെ സ്പെഷ്യല്‍ പാസ്റ്റര്‍ ആന്‍ഡ് കോര്‍ഡിനേറ്റര്‍ ഫാ. ഡോ. കുര്യാക്കോസ് തടത്തില്‍ അറിയിച്ചു. ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡന്‍ഷ്യല്‍ കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വൈദീകരുടെ ചുമതലയില്‍ രൂപീകരിച്ച വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യുകെയിലെ മലങ്കര നാഷണല്‍ കൗണ്‍സില്‍ വിലയിരുത്തി.
സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെയിലെ 19 മിഷന്‍ സെന്ററുകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിഷയമായ "നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നില്‍ പ്രകാശിക്കട്ടെ" (മത്തായി 5/16). എന്ന വിശുദ്ധ വചനത്തെ ആസ്പദമാക്കി നടത്തപ്പെട്ട കണ്‍വെന്‍ഷന്‍ ലോഗോ മത്സരത്തില്‍ കോവെന്ററി മിഷനില്‍ നിന്നുള്ള റിജോ കുഞ്ഞുകുട്ടി രൂപകല്‍പന ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് 15 ലോഗോകളെ പിന്തള്ളിയാണ് റിജോ വിജയിയായത്.
പ്രസ്തുത വിഷയത്തെ ആസ്പദമാക്കി സണ്ടേസ്കൂള്‍, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി, പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകള്‍ നടത്തപ്പെടും. പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ബൈബിള്‍ ക്വിസ്, കള്‍ച്ചറല്‍ പ്രോഗ്രാം കായിക വിനോദങ്ങള്‍, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം, വിശുദ്ധ കുര്‍ബാന എന്നിവയായിരിക്കും നടത്തപ്പെടുക.