വിദേശം

ഇസ്രയേലില്‍ വിമാനത്താവളങ്ങള്‍ അടച്ചു; പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യ

ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നു. ഗാസയിലേക്ക് തൊടുത്തുവിട്ട 5,000 റോക്കറ്റുകള്‍ക്ക് ശേഷം 2,000 റോക്കറ്റുകള്‍ കൂടി വിക്ഷേപിച്ചതായാണ് ഹമാസ് ടിവി റിപ്പോര്‍ട്ടു ചെയ്യുന്നത്. ആക്രമണങ്ങളില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹമാസിന്റെ ആക്രമണത്തെത്തുടര്‍ന്ന് മധ്യ- തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു.

ഇസ്രയേല്‍- പലസ്തീന്‍ അതിര്‍ത്തിയില്‍ യുദ്ധാവസ്ഥയാണ്. അതിര്‍ത്തിയില്‍ 'യുദ്ധാവസ്ഥയാണെന്ന്' ഇസ്രയേല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഹമാസിന്റെ ഭാഗത്തുനിന്നും ഇസ്രയേലിലേക്ക് വന്‍ റോക്കറ്റ് ആക്രമണമുണ്ടായത്. വലിയ സൈറണ്‍ ശബ്ദവും ഹമാസിന്റെ റോക്കറ്റ് ആക്രമണം കേട്ടാണ് പുലര്‍ച്ചെ ഇസ്രയേല്‍ നിവാസികള്‍ ഉണര്‍ന്നതു തന്നെ. ഉടന്‍തന്നെ സജ്ജരായ ഇസ്രയേല്‍ സേന, ഹമാസിനെതിരെ തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ചു.

രണ്ട് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 60 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഫാര്‍ അവീവിലെ വീടിനു മേല്‍ മിസൈല്‍ പതിച്ചായിരുന്നു മരണം. പാരാഗ്ലൈഡമാരെയും ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തുന്നു. ടെല്‍ അവീവിലേക്കും ജറുസേലേമിലേക്കും വലിയ തോതില്‍ മിസൈല്‍ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.

ഗാസ മുനമ്പ് വഴി നിരവധി ഭീകരര്‍ ഇസ്രയേല്‍ മണ്ണിലേക്ക് നുഴഞ്ഞുകയറി. ഗാസയ്ക്ക് സമീപം താമസിക്കുന്നവര്‍ വീടിനുള്ളില്‍തന്നെ കഴിയണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിപ്പ് നല്‍കി. പോരാട്ടത്തിന് 'ഓപറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഹമാസ് സേന വിഭാഗം വ്യക്തമാക്കി.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിലെ ഒരു സൈനികനെ തട്ടിക്കൊണ്ടുപോയി. ഡെറോട്ടില്‍ ഒരു പോലീസ് സ്‌റ്റേഷന്‍ പിടിച്ചടക്കിയെന്നും ഹമാസ് പറയുന്നു.

ഹമാസിനെതിരെ തങ്ങള്‍ തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ഗാസാ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡസന്‍കണക്കിന് യുദ്ധവിമാനങ്ങള്‍ അയച്ചുവെന്ന് ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. ‘ഓപ്പറേഷന്‍ സ്വോര്‍ഡ്‌സ് ഓഫ് അയേണ്‍’ എന്ന പേരിലാണ് ഇസ്രയേല്‍ തിരിച്ചടി ആരംഭിച്ചിരിക്കുന്നത്. തിരിച്ചടി ഭയന്ന് ഗാസയിലെ ഇസ്രയേലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് പലസ്തീനികള്‍ പലായനം ചെയ്തിരുന്നു.

ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പ്രവര്‍ത്തകര്‍ വഴിയാത്രക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റേയും സൈനിക വാഹനങ്ങള്‍ തീവെക്കുന്നതിന്റേയും ദൃശ്യങ്ങളും സൈനികരെ ബന്ദികളാക്കി പലസ്തീന്‍ ഭൂപ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
സാബത്തും ജൂതരുടെ ആഘോഷവും ഒരുമിച്ച് വന്ന ദിവസം നോക്കിയാണ് ഹമാസിന്റെ ആക്രമണം. ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കല്പനകള്‍ കൊടുത്തതിന്റെ അനുസ്മരണ ദിനം കൂടിയാണ് ഇന്ന്. ശനിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച വൈകിട്ട് വരെയാണ് ഈ ആചരണം.

ഇസ്രയേലിലെ സ്ഥിതി കണക്കിലെടുത്ത് പൗരന്‍മാര്‍ക്ക് ഇന്ത്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. നിരവധി മലയാളികളാണ് ഇസ്രയേലിലുള്ളത്.


തുടര്‍ച്ചയായുള്ള ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ആഷ്‌കലോണിലെ ബാര്‍സിലായി ആശുപത്രിയില്‍ 68 പേരും ബീര്‍ ഷെവയിലെ സൊറോക ആശുപത്രിയില്‍ 80 പേരും ചികിത്സയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും നരേന്ദ്ര മോദി വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions