വിദേശം

മിന്നലാക്രമണത്തില്‍ നടുങ്ങി ഇസ്രയേല്‍; തിരിച്ചടി രക്തരൂക്ഷിതം

ടെല്‍ അവീവ്: ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഇസ്രയേലില്‍ കടന്ന ഹമാസിനെതിരെ പോരാട്ടം തുടരുകയാണ്. 74,000 പേര്‍ ക്യാംപുകളില്‍ അഭയം തേടി. നൂറിലേറെപ്പേരെ ബന്ദികളാക്കിയെന്ന് ഹമാസ് അറിയിച്ചു. 30 പേരെ ബന്ദികളാക്കിയെന്ന ഇസ്ലാമിക ജിഹാദ് ഗ്രൂപ്പ് വ്യക്തമാക്കി. ഹമാസിനെ അഭിനന്ദിച്ച് ഇറാന്‍ പ്രസിഡന്റ് രംഗത്തെത്തി. പലസ്തീന്‍ പതാകയുമായി ആയിരക്കണക്കിന് ആളുകള്‍ ടെഹ്‌റാനിലെ പലസ്തീന്‍ ചത്വരത്തില്‍ അനുകൂല പ്രകടനം നടത്തി. ലബനോനിലും പലസ്തീന്‍ പതാകയുമായി ഷിയാ വിഭാഗമായ ഹിസ്ബുള്ളയുടെ പ്രകടനം നടന്നു. തുര്‍ക്കിയിലും പല്‌സതീന്‍ അനുകൂല പ്രകടനം നടന്നു. യെമന്‍, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രകടനം നടന്നു.
അമ്പതു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ തിരിച്ചടിയും നാണക്കേടുമാണ് ഇസ്രായേല്‍ നേരിട്ടത്. അതുകൊണ്ടുതന്നെ പ്രത്യാക്രമണം കടുപ്പമേറും. ഗാസയില്‍ 800 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു.

കരയിലൂടെയും കടലിലൂടെയും ആകാശത്തുനിന്നു പോലും ഹമാസ് ഭീകരര്‍ ഇസ്രയേലിന്റെ മണ്ണിലിറങ്ങി ആക്രമണം നടത്തി. 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരിടുന്നത്. അതിന് ഒരു വിശദീകരണം നല്‍കാന്‍ പോലും അവര്‍ക്ക് കഴിയുന്നില്ല. ഗാസ മുനമ്പ് ഔദ്യോഗികമായി ഇസ്രയേലിന്റെ ഭാഗമല്ല. പക്ഷേ, സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ അവിടുത്തെ ഓരോ ചലനവും അറിയാന്‍ കഴിയുമെന്നായിരുന്നു ഇസ്രയേലി ഏജന്‍സികളുടെ നിലപാട്. ഇസ്രയേലിന്റെ ശക്തമായ ഇലക്‌ട്രോണിക് നിരീക്ഷണത്തിലായിരുന്നു ഗാസയുടെ ചലനങ്ങള്‍. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഇസ്രായേല്‍ സുരക്ഷാ സേന പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ തീവ്രവാദികളുടെ ചെറിയ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിന്റെ തിരക്കിലുമായിരുന്നു. വലിയ ആക്രമണങ്ങളൊന്നും പ്രതീക്ഷിക്കാതെയുള്ള നീക്കം.

ആ അശ്രദ്ധയ്ക്കാണിപ്പോള്‍ ബെന്യാമിന്‍ നെതന്യാഹു ഭരണകൂടം വിലകൊടുക്കേണ്ടിവരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസിന്റെ ആക്രമണോത്സുകമായ വാക്കുകള്‍ ഇസ്രയേലികള്‍ ശ്രദ്ധിച്ചതേയില്ല. അവര്‍ രാഷ്ട്രീയ തര്‍ക്കങ്ങളിലായിരുന്നു. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം കോടതികളെ മറികടന്നും അധികാരം ഉറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു. ഏകാധിപത്യത്തെ ചെറുക്കാനുള്ള ജാഗ്രതയിലായിരുന്നു ജനം. നെതന്യാഹുവിനെതിരായ പ്രതിഷേധത്തിനു മാസങ്ങളുടെ പഴക്കമുണ്ട്. ചില സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തിനെതിരേ പ്രകടനം നടത്തി. ഇസ്രയേലിലുള്ള ഈ വിഭാഗീയതയാണു ഹമാസിന് അനുഗ്രഹമായത്. മതപരമായ ചേരിതിരിവും സമൂഹത്തില്‍ ശക്തമാണ്. ഇറാന്റെ ഇടപെടലാണ് ഹമാസിനു ബലമായതും. ഇറാനില്‍നിന്ന് ഹിസ്ബുള്ള വഴിയാണു ഗാസയില്‍ ആയുധങ്ങളെത്തിയത്. ഇതോടെയാണ് 'ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ്' യാഥാര്‍ഥ്യമായത്. ഹമാസ് സേനാംഗങ്ങള്‍ മോട്ടോര്‍ സൈക്കിളുകളും പിക്കപ്പ് ട്രക്കുകളും ബോട്ടുകളും പാരാഗ്‌ളൈഡറുകളും മിഡ് റേഞ്ച് റോക്കറ്റുകളും ഉപയോഗിച്ച് ഏകോപനത്തോടെ ഇസ്രയേലില്‍ നുഴഞ്ഞുകയറി. ആകാശത്തുകൂടിയെത്തിയ മരണദൂതരെ കണ്ട് ഇസ്രയേല്‍ അമ്പരന്നു. വ്യോമ, കര, കടല്‍ മാര്‍ഗം ഒരേപോലെ നടന്ന ആക്രമണം കണ്ടെത്തുന്നതില്‍ ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് പരാജയമാണെന്നു തെളിയിക്കുന്നു. ഹമാസിന്റെ പോരാളികള്‍ മുള്ളുവേലികള്‍ക്കു മുകളിലൂടെ ബുള്‍ഡോസര്‍ കയറ്റി . കടലില്‍നിന്നും പാരാഗ്‌ളൈഡര്‍ വഴിയും പ്രവേശിച്ചു.


ഏറ്റുമുട്ടലില്‍ നിരവധി അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തി. അമേരിക്ക മെഡിറ്ററേനിയന്‍ കടലിലേക്ക് യുദ്ധക്കപ്പലുകളും പോര്‍ വിമാനങ്ങളും അയച്ചു.

അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു.എസ്, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ അവിടെയുള്ള ജൂതന്മാരുടെയും അവരുടെ സ്ഥാപനങ്ങളുടെയും സുരക്ഷയും രാജ്യത്തിനുള്ളില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ ഒഴിവാക്കാനും നടപടികള്‍ സ്വീകരിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions