ഗാസ: ഭീകരാക്രമണം നടത്തിയ ഹമാസ് തീവ്രവാദികളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ സൈന്യം പദ്ധതി തയാറാക്കുന്നത്. ലോകത്തെ ഞെട്ടിച്ച രക്തച്ചൊരിച്ചിലിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ ഒരുങ്ങുമ്പോള്‍ വിധിയെഴുത്തിന്റെ മണിക്കൂറുകളാണ് വരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. കരമാര്‍ഗ്ഗം യുദ്ധത്തിന് ഇറങ്ങാന്‍ 4 ലക്ഷം സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ സന്നദ്ധമായിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 'രക്തം ദാഹിക്കുന്ന രാക്ഷസന്‍മാരെ തോല്‍പ്പിക്കാന്‍ നടപടിയുണ്ടാകും. ഞങ്ങളെ നശിപ്പിക്കാനാണ് അവര്‍ വന്നത്. ഇതിന് കീഴങ്ങുമെന്ന് അവര്‍ കരുതി. പക്ഷെ ഞങ്ങള്‍ ഹമാസിനെ തീര്‍ക്കും', പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഹമാസ് ഭൂമിയില്‍നിന്നു തുടച്ചുനീക്കപ്പെടുമെന്നും ഗാസ ഒരിക്കലും പഴയ അവസ്‌ഥയിലേക്ക് മടങ്ങില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നു .
പക്ഷേ, ഹമാസ് ഉന്മൂലനം അത്ര എളുപ്പമല്ലെന്നും മാസങ്ങള്‍ നീളുമെന്നുമാണു സൈനിക വിദഗ്‌ധര്‍ പറയുന്നത്. ഗാസയിലുടനീളം അജ്‌ഞാത സ്‌ഥലങ്ങളില്‍ തടവിലാക്കപ്പെട്ട 150 ബന്ദികളെ രക്ഷപ്പെടുത്തുക എന്ന അധിക ചുമതലയും ഇസ്രായേല്‍ സൈന്യത്തിനുണ്ട്. ഈ ബന്ദികളെവച്ചു ഹമാസ് വിലപേശുമെന്നതാണു പ്രധാന ഭീഷണി. ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ഗാസയിലെ ഓരോ വീടുകളിലും സൈന്യം പരിശോധിക്കേണ്ടിവരും. അതാകും അടുത്ത വെല്ലുവിളി.
ഗാസ മുനമ്പിന്റെ വടക്കന്‍ പകുതിയില്‍നിന്ന് 11 ലക്ഷം പലസ്‌തീനികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതിനു കാരണം യുദ്ധം നീണ്ടുനില്‍ക്കാമെന്ന ഇസ്രയേലിന്റെ കണക്കുകൂട്ടലാണ്. പക്ഷേ, മാസങ്ങള്‍ നീളുന്ന യുദ്ധം ഇസ്രയേലിന്റെമേലുള്ള രാജ്യാന്തര സമ്മര്‍ദം കൂട്ടും. ഇപ്പോള്‍ തന്നെ യു.എന്‍. സമ്മര്‍ദം ഇസ്രയേലിനുണ്ട്. ഗാസ നരകമായി മാറിയെന്നു യു.എന്നിന്റെ അഭയാര്‍ഥി ഏജന്‍സി വ്യക്‌തമാക്കി. ബന്ദികളില്‍ ഭൂരിപക്ഷവും ഇസ്രയേലികളാണ്. അവരില്‍ ധാരാളം വിദേശ പൗരന്മാരും ഇരട്ട പൗരന്മാരും ഉണ്ട്. അതിനാല്‍ യു.എസ്., ഫ്രാന്‍സ്, യു.കെ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരുടെ സുരക്ഷയ്‌ക്കും പ്രധാന്യം നല്‍കും.
ഗാസയില്‍നിന്നു ഹമാസ് പുറത്തായാല്‍ ദൗത്യം പൂര്‍ത്തിയാക്കി ഇസ്രയേല്‍ മടങ്ങും. പാലസ്‌തീന്‍ അതോറിറ്റിക്ക് അധികാരം കൈമാറാനാണു സാധ്യത. ഈ നീക്കത്തിനു ലോകരാജ്യങ്ങളുടെ പിന്തുണയും ലഭിക്കും.
എന്നാല്‍ ഗാസയ്ക്ക് മുകളില്‍ മരണത്തിന്റെ വലയമാണ് രൂപപ്പെടുന്നതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. പലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ തടസ്സങ്ങള്‍ വരുത്തിയതോടെ ഭക്ഷണം, വെള്ളം, ഇന്ധനം, മരുന്നുകള്‍ എന്നിവയുടെ ശേഖരം അപകടകരമായ നിലയില്‍ താഴ്ന്നിട്ടുണ്ട്. ഈജിപ്തില്‍ നിന്നുമുള്ള അതിര്‍ത്തിയിലൂടെ സഹായങ്ങള്‍ എത്തിക്കുന്നതിനും വിലക്ക് വന്നിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളിലേക്ക് യുദ്ധം നീളുമെന്ന മുന്നറിയിപ്പുകളൊന്നും തല്‍ക്കാലം ഇസ്രയേല്‍ ചെവിക്കൊള്ളുന്നില്ല.
ഇസ്രയേലിന്റെ പ്രതികാരത്തിനും മെഡിറ്ററേനിയന്‍ കടലിനും ഇടയില്‍പ്പെട്ടു ഹമാസ് നാമാവശേഷം ആകുമോ എന്നാണു ഇനി അറിയേണ്ടത്. കാരണം ഇനിയൊരു ആക്രമണത്തിന് ശേഷിയില്ലാത്തവിധം ഹമാസിനെ തകര്‍ക്കുകയാണ് ഇസ്രയേല്‍ ലക്‌ഷ്യം.