ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂകമ്പെത്തെ തുടര്‍ന്നു ജപ്പാന്റെ തീരപ്രദേശങ്ങളില്‍ സുനാമി ആഞ്ഞടിച്ചു. വലിയ കെട്ടടങ്ങളടക്കം തകര്‍ന്ന് വീഴുകയും വാഹനങ്ങള്‍ ഒലിച്ചു പോവുകയും റോഡുകള്‍ നെടുകെ പിളരുകയും ചെയ്തു. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തമേഖലയില്‍ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
അഞ്ചു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. അയല്‍പ്രദേശങ്ങളായ നീഗാറ്റയിലും ടോയാമയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ രണ്ടിടത്തും തിരയടിക്കാനിടയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്.
ശക്തമായ ഭൂചലനത്തിന് പിന്നാലെ ഇരുപതോളം തവണ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഷികാവയില്‍ മുഴുവന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ഭൂചലനത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയില്‍ വന്‍ വിള്ളലുണ്ടായതും കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം.
ജപ്പാനില്‍ ഭൂകമ്പവും അതിനെ തുടര്‍ന്നുണ്ടായ സുനാമിയും ആഞ്ഞടിച്ചതിനെ തുര്‍ന്ന് അവിടെയുള്ള ഇന്ത്യാക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി. ജപ്പാനിലെ താമസക്കാരായ ഇന്ത്യക്കാര്‍ക്ക് +81-80-3930-1715, +81-70-1492-0049, +81-80-3214-4734, +81-80-6229-5382, +81-80-3214-4722 എന്നീ അടിയന്തര ഹെല്‍പ് ലൈന്‍ നമ്പറുകളിലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കാം.
2011 മാര്‍ച്ച് 11നുണ്ടായ ഭൂചലനത്തിനു ശേഷം അനുഭവപ്പെടുന്ന വലിയ ഭൂചലനമാണിത്. മധ്യ ജപ്പാനില്‍ റോഡുകളില്‍ വിള്ളലുകളുണ്ടായി. ഇതേതുടര്‍ന്ന് ഹൈവേകള്‍ അടച്ചു. നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. 36,000 ലേറെ വീടുകളില്‍ വൈദ്യുതി ബന്ധം നിലച്ചുവെന്ന് ഹുകുരികു ഇലക്ട്രിക് പവര്‍ കമ്പനി അറിയിച്ചു. തീരപ്രദേശങ്ങളിലെ ആണവ നിലയങ്ങള്‍ സുരക്ഷിതമാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചു.
ജപ്പാനിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ബന്ധപ്പെടേണ്ട ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും ജപ്പാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാനും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.
അതേസമയം, കിഴക്കന്‍ തീരങ്ങളില്‍ റഷ്യയും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉത്തര കൊറിയയുടെ കിഴക്കന്‍ ഗാങ്‌ഗോണ്‍ പ്രവിശ്യയിലും ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.