കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ ഇടയനായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനിക അംശവടിയും തൊപ്പിയും അണിയിച്ചു. തുടര്‍ന്ന് സഭാ തലവന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കി. ചടങ്ങുകള്‍ക്ക് കൂരിയ ബിഷപ്പും സഭാ അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സഭയിലെ മെത്രാന്മാര്‍ അദ്ദേഹത്തെ അനുമോദിച്ചു.
ബിഷപ്പുമാരുടെയും ആര്‍ച്ച് ബിഷപ്പുമാരുടെയും വൈദികരുടെയും അകമ്പടിയോടെ സ്‌തോത്രഗീതങ്ങള്‍ ആലപിച്ച് ദേവാലയത്തിലേക്ക് മാര്‍ റാഫേല്‍ തട്ടില്‍ കടന്നുവന്നു. മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം ആയത് . കൂരിയ ചാന്‍സലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടം വത്തിക്കാനില്‍ നിന്നുള്ള മാര്‍പാപ്പയുടെ ഉത്തരവ് വായിച്ചു.
തുടര്‍ന്ന് മാര്‍ റാഫേല്‍ തട്ടില്‍ വിശ്വാസപ്രമാണം ഏറ്റുചൊല്ലി. മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍, ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ മാത്യൂ മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ക്ക് മുമ്പാകെ പ്രതിജ്ഞ ചൊല്ലി സഭയോടും മാര്‍പാപ്പയോടുമുള്ള കൂറ് പ്രകടിപ്പിച്ചു. തുടര്‍ന്ന് കുര്‍ബാന മധ്യേ സ്ഥാനാരോഹണ ചടങ്ങ് നടന്നു. കുര്‍ബാനയ്ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികനായി.
സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ് ആയാണ് മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റത്.