നടി പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി വീണ്ടും പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് (26) ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചിത്രം പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പ് നടി വീണ്ടും പരാതി നല്‍കി. അന്വേഷണ സംഘം ഡല്‍ഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സിഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ്, സിവില്‍ പൊലീസ് ഓഫിസര്‍ സുബീഷ് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്.
നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ 2021ലാണ് പ്രവീണ തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിങ്ങിലൂടെ നഗ്ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്നായിരുന്നു പരാതി.