ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ദീലിപ് ചിത്രം 'തങ്കമണി'യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. 1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാല്‍ ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് തങ്കമണി സ്വദേശിയായ വി.ആര്‍.ബിജു നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.
പൊലീസിനെ പേടിച്ച് പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുടര്‍ന്ന് പൊലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയില്‍ കാണിക്കുന്നത് ‘വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ്’ എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹര്‍ജിക്കാരന്‍, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.
'എലൈറ്റ്' എന്ന ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.
സാങ്കല്‍പ്പികമായി ഉണ്ടാക്കിയ ഇത്തരമൊരു കാര്യം ആ നാട്ടിലുള്ളവര്‍ക്ക് അങ്ങേയറ്റം വേദനയുളവാക്കുന്നതും അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് അഡ്വ. ജോമി കെ.ജോസ് മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍, സംസ്ഥാന പൊലീസ് മേധാവി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍, നിര്‍മാതാവ് ആര്‍.ബി.ചൗധരി, നടന്‍ ദിലീപ് എന്നിവരെ കേസില്‍ കക്ഷികളാക്കിയിട്ടുണ്ട്.