മെക്‌സിക്കോ സിറ്റി: ടേക്ക് ഓഫ് വൈകിയതോടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് ചിറകില്‍ കയറി യാത്രക്കാരന്‍. മെക്‌സിക്കോയിലാണ് സംഭവം. ഗ്വാട്ടിമാല സിറ്റിയിലേക്കുള്ള എയ്‌റോമെക്‌സിക്കോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് വിമാനത്തിന്റെ ചിറകില്‍ കയറി നിന്നത്. ഇയാള്‍ക്ക് സഹയാത്രികര്‍ പിന്തുണ നല്‍കി. യാത്രക്കാരനെ പൊലീസിന് കൈമാറിയതായി വിമാനത്താവളം പുറത്തിറക്കിയ പ്രസ്‌താവനയില്‍ അറിയിച്ചു.
എഎം672 എന്ന ഫ്ലൈറ്റിലാണ് സംഭവമുണ്ടായത്. പുറപ്പെടാന്‍ നാല് മണിക്കൂറോളം വൈകിയതോടെ അസഹനീയമായ അവസ്ഥയിലായി എന്നാണ് യാത്രക്കാര്‍ പറഞ്ഞത്. വെള്ളം പോലും ഇല്ലാതെ പലരും ബോധം നഷ്ടമാകുന്ന അവസ്ഥയിലെത്തി. വിമാനത്തിലുള്ള എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് യാത്രക്കാരന്‍ പ്രതിഷേധത്തിലേക്ക് കടന്നതെന്ന് സഹയാത്രികര്‍ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 8.45ന് പുറപ്പെടേണ്ട വിമാനം അറ്റകുറ്റപ്പണികള്‍ കാരണമാണ് വൈകിയത്. എന്നാല്‍, വിമാനത്തിനുള്ളില്‍ പ്രവേശിച്ച യാത്രക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.
എയര്‍പോര്‍ട്ട് അധികൃതര്‍ പ്രതിഷേധിച്ച യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റുകള്‍ പ്രകാരം വിമാനം ഏകദേശം അഞ്ച് മണിക്കൂര്‍ വൈകി. വിമാനത്തിനുള്ളില്‍ പകര്‍ത്തിയ വീഡിയോയില്‍ യാത്രക്കാര്‍ ചൂട് സഹിക്കാനാവാതെ ബുദ്ധിമുട്ടിലാകുന്നതും ഫ്ലൈറ്റ് അറ്റന്‍ഡന്റിനോട് വെള്ളം ചോദിക്കുന്നതും കാണാം.