മുതിര്‍ന്ന നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയ ബച്ചന്‍ വീണ്ടും രാജ്യസഭയില്‍. സമാജ്‌വാദി പാര്‍ട്ടിയാണ് ജയ ബച്ചനെ തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ജയ ബച്ചന്‍ ഇന്നലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2004 മുതല്‍ എസ് പി അംഗമായി രാജ്യസഭയില്‍ ജയ ബച്ചന്‍ എത്തുന്നുണ്ട്. 75 കാരിയായ ജയ ബച്ചന്‍ പത്മശ്രീ ജേതാവ് കൂടിയാണ്.
അതേസമയം, നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭര്‍ത്താവ് അമിതാഭ് ബച്ചനും 1,578 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ജയാ ബച്ചന്റെ വ്യക്തിഗത ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ് എന്നാണ് അവര്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
729.77 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും 849.11 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ജയ ബച്ചനുണ്ട്. ജയാ ബച്ചന്റെ ബാങ്ക് ബാലന്‍സ് 10,11,33,172 രൂപയും അമിതാഭ് ബച്ചന്റേത് 120,45,62,083 രൂപയുമാണ്. ജയ ബച്ചന് 40.97 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും 9.82 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫോര്‍ വീലറും ഉണ്ട്. ബച്ചന്‍ കുടുംബത്തിന്റെ ആഡംബര ജീവിതമാണ് അവരുടെ സ്വത്തുക്കളില്‍ പ്രതിഫലിക്കുന്നത്.
അമിതാഭ് ബച്ചന് 54.77 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും രണ്ട് മെഴ്സിഡസും ഒരു റേഞ്ച് റോവറും ഉള്‍പ്പെടെ 16 വാഹനങ്ങളും ഉണ്ട്. വാഹനങ്ങള്‍ക്ക് ആകെ 17.66 കോടി രൂപ വിലമതിക്കുന്നു. ദമ്പതികളുടെ സംയുക്ത ആസ്തികളില്‍ വിവിധ സ്രോതസ്സുകളിലൂടെ സമ്പാദിച്ച സ്വത്ത് ഉള്‍പ്പെടുന്നു. ജയ ബച്ചന്‍ ബ്രാന്‍ഡ് അംഗീകാരങ്ങള്‍, എംപി ശമ്പളം, പ്രൊഫഷണല്‍ ഫീസ് എന്നിവയില്‍ നിന്നാണ് സ്വത്ത് സമ്പാദിക്കുന്നത്.