രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ആദ്യമായാണ് ഒരു ഹൊറര്‍- മിസ്റ്ററി ഴോണറില്‍ ഇറങ്ങിയ ഒരു ചിത്രം മലയാളത്തില്‍ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യമാണ്. മമ്മൂട്ടിയുടെയും അര്‍ജുന്‍ അശോകന്റെയും സിദ്ധാര്‍ത്ഥ് ഭരതന്റെയും മികച്ച പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഭ്രമയുഗം ആദ്യ ആഴ്ചയില്‍ മികച്ച കളക്ഷന്‍ സൃഷ്ടിച്ചിരുന്നു.
മനുഷ്യന്റെ അധികാര മോഹവും അത്യാര്‍ത്തിയും സിനിമ ചര്‍ച്ച ചെയ്യുന്നു. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറര്‍ ഴോണറിലും ഉള്‍പ്പെടുന്നുണ്ട്.
വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറില്‍ രാമചന്ദ്ര ചക്രവര്‍ത്തിയും ശശി കാന്തും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങള്‍ എഴുതുന്നത്. രാഹുല്‍ സദാശിവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.