ഹളിലെ ഫ്യൂണറല്‍ ഡയറക്ടര്‍മാരില്‍ നിന്ന് കണ്ടെടുത്ത 35 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു
പോലീസ് അന്വേഷണത്തില്‍ ഹളിലെ ഒരു ഫ്യൂണറല്‍ ഡയറക്ടര്‍മാരില്‍ നിന്ന് കണ്ടെടുത്ത 35 മൃതദേഹങ്ങളും തിരിച്ചറിഞ്ഞതായി ഡിറ്റക്ടീവുകള്‍. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങളെക്കുറിച്ച് ആശങ്കയുള്ള ആളുകളില്‍ നിന്ന് 1,500-ലധികം കോളുകള്‍ ലഭിച്ചതായി ഹംബര്‍സൈഡ് പോലീസ് പറഞ്ഞു.
അന്വേഷണത്തെക്കുറിച്ചുള്ള കുറച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും മൃതദേഹ പരിചരണത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പോലീസ് പറഞ്ഞു. നിയമാനുസൃതവും മാന്യവുമായ ശ്മശാനം തടഞ്ഞുവെന്നാരോപിച്ച് അറസ്റ്റിലായ രണ്ട് പേര്‍ക്ക് ജാമ്യം ലഭിച്ചു.
46 വയസുള്ള പുരുഷനെയും 23 കാരിയായ സ്ത്രീയെയും വ്യാജമായി പ്രതിനിധീകരിച്ച് വഞ്ചിച്ചതിനും സ്ഥാനം ദുരുപയോഗം ചെയ്‌ത് വഞ്ചിച്ചതിനും അറസ്റ്റ് ചെയ്തിരുന്നു.
'35' എന്ന നമ്പറില്‍ പുഷ്പാഞ്ജലികളും മെഴുകുതിരികളും സ്ഥാപിച്ച ഹെസ്ലെ റോഡ് പരിസരത്തിന് പുറത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ജാഗ്രതാ പരിപാടിയില്‍ 30-ലധികം ആളുകള്‍ പങ്കെടുത്തു.
വീണ്ടെടുത്ത ചിതാഭസ്മം മനുഷ്യനാണോ എന്ന് തിരിച്ചറിയാന്‍ ഒരു സ്പെഷ്യലിസ്റ്റ് സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, കുടുംബങ്ങള്‍ 'മനസ്സിലാക്കാനാവാത്തവിധം അസ്വസ്ഥരായിരുന്നു' എന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ തോം മക്ലൗഗ്ലിന്‍ പറഞ്ഞു.
ലെഗസി ഇന്‍ഡിപെന്‍ഡന്റ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനെ പ്രിയപ്പെട്ടവരുടെ മൃതദേഹം ഏല്‍പ്പിച്ച ബന്ധുക്കളാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളില്‍ ഞെട്ടലിലായത്.
പലരും തങ്ങള്‍ക്ക് ലഭിച്ച ചിതാഭസ്മം ആളുമാറിയാണ് കിട്ടിയതെന്നാന്നാണ് ഇപ്പോള്‍ ആശങ്ക ഉന്നയിക്കുന്നത്. ഒരു വ്യക്തി ചിതാഭസ്മം ഉപയോഗിച്ച് ആഭരണം തയ്യാറാക്കിയിരുന്നു. ഇവരെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്.
ഈ കമ്പനിയുമായി ഇടപാട് നടത്തിയവരെല്ലാം ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണെന്ന് ഒരാള്‍ മിററിനോട് പ്രതികരിച്ചു. തന്റെ പിതാവിന്റെ ചിതാഭസ്മമല്ല ലഭിച്ചതെന്ന അവസ്ഥ ഭയാനകമായി തോന്നുന്നുവെന്ന് ഒരു മകള്‍ പറയുന്നു. ഇപ്പോള്‍ പിതാവിന്റെ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ നടന്നുവോയെന്നാണ് ഇവരുടെ ആശങ്ക.
ഒരു മാസം മുന്‍പ് ചിതാഭസ്മം കൈമാറിയ കുടുംബത്തിന് ഇപ്പോള്‍ തങ്ങളുടെ പിതാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും കണ്ടെത്തിയ വാര്‍ത്തയാണ് ലഭിച്ചിരിക്കുന്നത്.