ഏപ്രില്‍ മാസത്തില്‍ കൗണ്‍സിലുകളുടെ 'വക' തിരിച്ചടി; കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 4.99% വര്‍ദ്ധന; 75% കൗണ്‍സിലുകളും വര്‍ദ്ധനയ്ക്ക് അനുകൂലം; ഇംഗ്ലണ്ടിലെ ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ശരാശരി 99 പൗണ്ട് കൂടും
ബ്രിട്ടനിലെ പല ലോക്കല്‍ കൗണ്‍സിലുകളും ഇതിനകം പാപ്പരായി പ്രഖ്യാപനം നടത്തിയതോടെ അടുത്തമാസം കൗണ്‍സില്‍ ടാക്‌സില്‍ 4.99% വര്‍ധനയ്ക്ക് കളമൊരുങ്ങി. മിക്ക കൗണ്‍സിലുകളുടെയും സാമ്പത്തിക സ്ഥിതി വളരെ ഞെരുക്കത്തിലാണ്. അതുകൊണ്ടുതന്നെ കൗണ്‍സില്‍ ടാക്‌സ് ബില്ലുകള്‍ സാധിക്കുന്നവിധം പരമാവധി വര്‍ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ തീരുമാനം കൈക്കൊള്ളും.
ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇതിന്റെ തിരിച്ചടി നേരിടേണ്ടി വരിക. 4.99% വരെ ഹിതപരിശോധന കൂടാതെ കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്താന്‍ കൗണ്‍സിലുകള്‍ക്ക് സാധിക്കും. സോഷ്യല്‍ കെയര്‍ ഡ്യൂട്ടികള്‍ കൂടി ഉള്ളവര്‍ക്കാണ് ഈ പരിധി വരെ ഉയര്‍ത്താന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് 2.99% വര്‍ധനവിനും സാധ്യതയുണ്ട്.
ഏപ്രില്‍ മാസത്തില്‍ പരമാവധി വര്‍ധനയ്ക്ക് പിന്നാലെ പോകുമെന്ന് 75% കൗണ്‍സിലുകളും തീരുമാനം കൈക്കൊണ്ടിട്ടുള്ളതായി കൗണ്ടി കൗണ്‍സില്‍സ് നെറ്റ്‌വര്‍ക്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ബാന്‍ഡ് ഡി പ്രോപ്പര്‍ട്ടികള്‍ക്ക് ശരാശരി 99 പൗണ്ട് വര്‍ദ്ധനയാണ് ഈ നിരക്കില്‍ നടപ്പായത്.
5 ശതമാനത്തിന് മുകളില്‍ ടാക്‌സ് ഉയര്‍ത്താന്‍ കൗണ്‍സിലുകള്‍ക്ക് ഗവണ്‍മെന്റ് അനുമതി ആവശ്യമുണ്ട്. പാപ്പരായ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അനുമതി നേടിയെടുത്തിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തില്‍ കൗണ്‍സില്‍ ടാക്‌സ് 21% വര്‍ദ്ധിപ്പിക്കാനാണ് ഈ കൗണ്‍സിലിന്റെ നീക്കം.